എടക്കര: പ്രളയം വിഴുങ്ങിയ മലയോര മേഖലയിൽ ജനങ്ങളുടെ ദുരിതം തുടരുന്നു. ഗ്രാമപ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലും അധിവസിക്കുന്ന ജനങ്ങളും ഉൾവനത്തിലെ കോളനികളിൽ താമസിക്കുന്ന ആദിവാസികളുമാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. മിക്കയിടങ്ങളിലേക്കുമുള്ള റോഡുകളും പാലങ്ങളും തകർന്നതോടെ ഇവർ ഒറ്റപ്പെട്ട നിലയിലാണ്.
ദുരിതാശ്വാസ ക്യാന്പുകളിലേക്കു പോകേണ്ട സാഹചര്യവും ഇവർക്കില്ല. എന്നാൽ ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ലാത്തതും ഗതാഗത സൗകര്യങ്ങൾ തകർന്നതുമാണ് ഇവരെ കൂടുതൽ ദുരിതത്തിലാക്കുന്നത്. പോത്തുകൽ പഞ്ചായത്തിലെ ചെന്പ്ര ആദിവാസി കോളനിയിലെ അന്പതിലേറെ കുടുംബങ്ങളും ഈ പ്രദേശത്തെ ഇരുനൂറിൽപരം ജനറൽ വിഭാഗത്തിൽപെട്ടവരും കടുത്ത ദുരിതത്തിലായിട്ടുണ്ട്. ശാന്തിഗ്രാം മുതൽ മച്ചിക്കൈ വരയുള്ള രണ്ടു കിലോമീറ്റർ റോഡാണ് തകർന്നത്. കോളനിക്കാർക്ക് ഭക്ഷണമെത്തിക്കുന്നതു അതിസാഹസികമായാണ്.
എടക്കര പഞ്ചായത്തിലെ ഉപ്പട, ചാത്തംമുണ്ട, ചുങ്കത്തറ പഞ്ചായത്തിലെ ചീത്തുകല്ല്, പോത്തുകൽ പഞ്ചായത്തിലെ വാളംകൊല്ലി, മലാംകുണ്ട്, പാതാർ തുടങ്ങി മിക്ക പഞ്ചായത്തുകളിലെയും ഉൾപ്രദേശങ്ങളിലെ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ കിട്ടുന്നില്ല.
പുറമെ നിന്നു വരുന്ന സഹായങ്ങൾ ക്യാന്പുകളിലേക്ക് മാത്രമാണ് പോകുന്നത്. തുടർച്ചയായി മഴ പെയ്യുന്നതിനാലും പണികൾ ഇല്ലാത്തതിനാലും സാധാരണക്കാരുടെ ജീവിതം ദുസഹമായിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ ഇവർക്കു കൂടി വിതരണം ചെയ്യണമെന്ന് ആവശ്യമുയരുന്നുണ്ട്.