സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദുരന്ത ബാധിതർക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായത്തിന് അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്പോൾ പരാതി പരമാവധി കുറയ്ക്കാനുളള പ്രായോഗിക നടപടി വേണമെന്നു മന്ത്രിസഭാ യോഗത്തിൽ നിർദേശം.
പ്രളയ ദുരന്തത്തിൽപെട്ട കുടുംബങ്ങളെ കണ്ടെത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി വില്ലേജ് ഓഫീസ് അധികൃതരെ ഏൽപിക്കുന്നതാകും കൂടുതൽ പ്രായോഗികമെന്നു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പഞ്ചായത്ത് അംഗങ്ങൾ അടക്കം ചിലർ അനർഹരുടെ പട്ടിക സർക്കാരിലേക്കു നൽകിയപ്പോൾ ചില അർഹരായവരെങ്കിലും ഒഴിവാക്കപ്പെട്ടതു വിമർശനങ്ങൾക്കിടയാക്കിയ കാര്യം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ഇതിനു പകരം എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവർ ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ പട്ടിക വില്ലേജ് അധികൃതർക്കു കൈമാറുകയും ഇവർ പരിശോധന നടത്തി സർക്കാരിലേക്കു നൽകുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം വന്നു.
തുടർന്നു വില്ലേജ് ഓഫീസർക്കൊപ്പം പഞ്ചായത്ത് സെക്രട്ടറി കൂടി പട്ടിക പരിശോധിച്ചു പരാതി ഒഴിവാക്കി നൽകട്ടെയെന്ന നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു വച്ചു.ഇതോടെ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങിയ സമിതി തയാറാക്കിയ പട്ടികയാകും സർക്കാരിന്റെ പരിഗണനയ്ക്ക് എത്തുക.