തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്നും ചിലപ്പോൾ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചത്തേതിന് സമാനമായി ഇന്നും സംസ്ഥാനത്താകെ മാനംതെളിഞ്ഞു നിൽക്കുകയാണ്. ഒരു ജില്ലകളിലും ഇന്ന് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിന്റെ മാനത്ത് നിന്നും മേഘാവരണം പൂർണമായും നീങ്ങി വരികയാണ്. മഴ മാറിയതോടെ കടലും ശാന്തമായി. മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന മുന്നറിയിപ്പുകളെല്ലാം അധികൃതർ പിൻവലിച്ചു. ഇതോടെ തീരത്തെ വറുതിക്കും അറുതി വരും. ഇന്ന് വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയി തുടങ്ങുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ദമായിരുന്നതിനാൽ ഒരാഴ്ചയിൽ അധികമായി മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല.
ഏഴാം തീയതി മുതൽ ഒരാഴ്ചയാണ് കേരളത്തിന് കനത്ത ദുരിതം വിതച്ച അതിശക്തമായ മഴ പെയ്തു തുടങ്ങിയത്. വടക്കൻ ജില്ലകളായ കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അധികം മഴക്കെടുതിയുണ്ടായത്.
മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ നൂറിലധികം പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടമായി. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടി ഒരാഴ്ച പിന്നിട്ടും തെരച്ചിൽ തുടരുകയാണ്.