രാമപുരം: തൊടുപുഴയിൽ നിന്നും നീറന്താനം വഴി പാലായ്ക്ക് സർവ്വീസ് നടത്തി വരുന്ന സ്വകാര്യ ബസിന്റെ ഡോറിൽ കൂടി തെറിച്ചുവീണ നീറന്താനം ഇരുന്പുകുഴി കവലയ്ക്ക് സമീപം ഒഴുകയിൽ ഒ.റ്റി സാറിന്റെ ഭാര്യ മേരി (70) മരിച്ചു. ഇന്ന് രാവിലെ 8.20നാണ് സംഭവം.
പാലായ്ക്ക് പോവുകയായിരുന്ന ശ്രാവണ്‍ ബസിൽ വല്യവീട്ടിൽ പാലത്തിന് സമീപത്തെ സ്റ്റോപ്പിൽ നിന്നും മേരിയും മകൾ ആഗ്നസും കയറി. ബസ് സമീപത്തെ ഇരുന്പുകുഴി കവലയിലെ വളവ് തിരിഞ്ഞപ്പോൾ ഡോർ വഴി ഇരുവരും തെറിച്ച് വീഴുകയായിരുന്നു.
ടാർ റോഡിലേക്ക് തലയടിച്ച് വീണ് ഗുരുതര പരിക്കുപറ്റിയ മേരിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നസ്സ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് വീണതിനാൽ പരിക്ക് ഗുരുതരമല്ല. ആഗ്നസ്സ് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിലാണ്. ബസ്സിന്റെ ഡോർ തുറന്നു കിടന്നതാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു.