വെള്ളത്തിൽ കുടുങ്ങിയ ആംബുലൻസിന് വഴികാട്ടിയായ ബാലന് ധീരതയ്ക്കുള്ള പുരസ്ക്കാരം. കൃഷ്ണ നദി കരകവിഞ്ഞൊഴുകിയപ്പോൾ വെള്ളം കാരണം വഴിയറിയാതെ കുടുങ്ങിയ ആംബുലൻസിന് വഴികാട്ടിയായ വെങ്കിടേഷ് എന്ന ആറാം ക്ലാസുകാരനെ തേടിയാണ് കർണാടക സർക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്ക്കാരമെത്തിയത്.
കൃഷ്ണ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രദേശമെല്ലാം വെള്ളത്തിനടിയിലായിരുന്നു. ഈ സമയം ദേവദുർഗ യാഡ്ഗിർ വഴി വന്ന ആംബുലൻസ് ഡ്രൈവർ വഴിയറിയാതെ കുടുങ്ങിപ്പോയി. പെട്ടന്നാണ് ഡ്രൈവർക്ക് സഹായമായി ബാലൻ ആംബുലൻസിന് മുൻപിലൂടെ ഓടി വഴികാട്ടിയത്.
അരയൊപ്പം വെള്ളത്തിൽ കൂടി ഓടുന്നതിനിടെ നിരവധി തവണ നിലത്ത് വീണുവെങ്കിലും വീണ്ടുമെഴുന്നേറ്റ് വെങ്കിടേഷ് ഓടുകയായിരുന്നു. ഓടിയെത്തിയ വെങ്കിടേഷിന് കൈ നൽകിയാണ് കരയ്ക്ക് കയറ്റിയത്. സമീപം നിന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
വ്യാഴാഴ്ച്ച റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിനിടെ ഡെപ്യൂട്ടി കമ്മീഷണർ ബി. ശരത്താണ് വെങ്കിടേഷിന് പുരസ്ക്കാരം നൽകിയത്.