കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡൈ മെത്താം ഫിറ്റമിന്‍) കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി പിടിയിലായ സംഭവത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കോഴിക്കോട് പയ്യോളി കൊല്ലാങ്കണ്ടിയില് അഭിജിത്ത് (24) ആണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കുന്ന കോഴിക്കോട് സ്വദേശി തന്നെയായ യുവാവിനെക്കുറിച്ചുള്ള സൂചനകളാണ് പോലീസിന് ലഭിച്ചത്.
ഇയാള്‍ എറണാകുളത്തെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയാണെന്നും പോലീസ് പറഞ്ഞു. വിശദമായ പരിശോധനക്ക് ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം പിടിയിലായ അഭിജിത്തിനെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
രണ്ടു ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. അരഗ്രാം കൈവശം വച്ചാല്‍ പോലും 10 വര്‍ഷം വരെ ശിക്ഷ കിട്ടാം. പത്തു മില്ലി ഗ്രാം അകത്തു ചെന്നാല്‍ മണിക്കൂറുകളോളം ആനന്ദിപ്പിക്കാനും ഡാന്‍സ് ചെയ്യാനും കഴിയും, കൂടുതല്‍ അളവ് ഉള്ളില്‍ ചെന്നാല്‍ മരണം സംഭവിക്കും.
നേരില്‍ പരിചയമുള്ളവര്‍ക്ക് മാത്രമേ അഭിജിത്ത് ഇത് നല്കാറുള്ളു. പണം ഓണ്‍ലൈനിലൂടെ കൈമാറും. ഗ്രാമിന് 2500 രൂപ മുതല്‍ 4000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. നോര്‍ത്ത് സിഐ സിബി ടോം, എസ്ഐ അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.