ചെന്നൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറിനെ(57) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ മൈലാപ്പൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയിലും സാന്പത്തിക പ്രതിസന്ധിയിലുമായിരുന്നു അദ്ദേഹമെന്നാണ് സൂചന.
തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കാഞ്ചിവീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്ന ചന്ദ്രശേഖർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായിരുന്നു. മൂന്നുകോടി രൂപയാണ് അദ്ദേഹം കാഞ്ചിവീരൻസ് ടീമിനായി മുതൽ മുടക്കിയിരുന്നത്. ഇതിൽ നഷ്ടം സംഭവിച്ച് കടബാധ്യത വർധിച്ചെന്നും തുടർന്ന് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നതായും പോലീസ് അറിയിച്ചു. ചെന്നൈയിൽ ക്രിക്കറ്റ് പരിശീലന കേന്ദ്രവുമുണ്ടായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനും ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. 1986ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിളങ്ങിയ ചന്ദ്രശേഖർ 1988-90 കാലഘട്ടത്തിൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമായി. എട്ട് ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി ജഴ്സിയണിഞ്ഞു. ചന്ദ്രശേഖറിന്റെ മരണത്തിൽ ബിസിസിഐയും ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.