കണ്ണൂർ: സിഎംപി ജില്ലാ കൗൺസിൽ ഓഫീസായ ഇ.പി. കൃഷ്ണൻ നന്പ്യാർ സ്മാരക മന്ദിരം സിപിഎം നിയന്ത്രണത്തിലുള്ള ഐആർപിസിയുടെ ജില്ലാ കമ്മിറ്റി ഓഫീസായി മാറ്റിയത് വിവാദത്തിലേക്ക്. പി. ജയരാജന് കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ സമാന്തരപ്രവർത്തനം നടത്തുന്നതിനുള്ള കേന്ദ്രമായി മാറ്റാനാണ് ഓഫീസ് കൈയേറുന്നതെന്നാണ് സിഎംപി സി.പി. ജോൺ വിഭാഗത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് ജില്ലാ ഭരണാധികാരികൾക്കും പോലീസിനും ഇവർ പരാതിയും നൽകിയിട്ടുണ്ട്.
നിലവിൽ നിയമപരമായി ആർക്കും അവകാശമില്ലാത്ത കെട്ടിടത്തിൽ ആരുടെ അനുമതിയോടുകൂടിയാണ് പ്രവേശിക്കുന്നതെന്ന് വ്യക്തമാക്കാൻ ഐആർപിസി ഭാരവാഹികൾ തയാറാകണമെന്നും സി.പി. ജോൺ വിഭാഗം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ നീക്കം തികച്ചും നിയമവിരുദ്ധവും നീതിന്യായ വ്യവസ്ഥയോടും കോടതികളോടുമുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് സിഎംപി ജില്ലാ കൗൺസിലും പ്രസ്താവനയിൽ പറഞ്ഞു.
സിഎംപിയിലെ പിളർപ്പിനെ തുടർന്ന് ഓഫീസ് പിടിച്ചെടുത്ത അരവിന്ദാക്ഷൻ വിഭാഗം കണ്ണൂർ മുനിസിഫ് കോടതിയിൽ ഫയൽ ചെയ്ത ഒഎസ് 205/2014 വ്യവഹാരം കോടതി തള്ളുകയും തുടർന്ന് സി.കെ. നാരായണൻ ഫയൽ ചെയ്ത എഎസ് 79 /2016 നന്പർ അപ്പീൽ കേസ് നിലവിൽ ഇരിക്കുകയുമാണ്.
മാത്രമല്ല അരവിന്ദാക്ഷൻ വിഭാഗം കഴിഞ്ഞ ഫെബ്രുവരിയിൽ സിപിഎമ്മിൽ ലയിക്കുകയും ചെയ്തിരുന്നു. വിഷയം അടുത്തദിവസം കോടതി മുന്പാകെ ബോധിപ്പിക്കാനാണ് സി.പി. ജോൺ വിഭാഗത്തിന്റെ തീരുമാനം. ഓഫീസ് കൈയേറ്റം തങ്ങളുടെ അറിവോടെയാണോ എന്നതു സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണമെന്നും ജില്ലാ കൗൺസിൽ ആവശ്യപെട്ടു.
കാർഷിക വികസന ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഐആർപിസിയുടെ ജില്ലാ കമ്മിറ്റി ഓഫീസാണ് ഇ.പി.കൃഷ്ണൻ നന്പ്യാർ മന്ദിരത്തിലേക്ക് മാറ്റുന്നത്.
മന്ദിരം സംബന്ധിച്ച തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലല്ലേയെന്നും ഇതെങ്ങനെയാണ് ഐആർപിസി ഓഫീസായി ഉപയോഗിക്കുന്നതെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ ഇ.പി.കൃഷ്ണൻ നന്പ്യാർ സ്മാരക ട്രസ്റ്റിന്റെ കീഴിലാണ് മന്ദിരമെന്നും അത് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും ഐആർപിസി സെക്രട്ടറി കെ.വി.മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഓഫീസ് ഉദ്ഘാടനം സംബന്ധിച്ച പത്രസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.