വൈക്കം: മഴയുടെ ശക്തി കുറയുകയും പുഴയിലെയും കായലിലെയും ജലനിരപ്പു താഴുകയും ചെയ്തതിനെത്തുടർന്ന് വൈക്കത്തെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന ഭൂരിഭാഗം ആളുകളും വീടുകളിലേക്കു മടങ്ങി. വൈക്കത്തെ ഏതാനും താഴ്ന്ന പ്രദേശങ്ങളിൽ മാത്രം ഇനിയും വെള്ളമിറങ്ങാത്തതിൽ കുറച്ചു കുടുംബങ്ങൾ ക്യാന്പുകളിലുണ്ട്.
വൈക്കം മറവൻതുരുത്ത് പഞ്ചായത്തിൽ നാലു ക്യാന്പുകളിൽ രണ്ടെണ്ണം പിരിച്ചുവിട്ടു.വീടുകളിൽനിന്നു വെള്ളമിറങ്ങാത്തതിനാൽ കടായി എൽ പി സ്കൂളിൽ 10 കുടുംബങ്ങളും മറവൻതുരുത്ത് യുപിഎ സിൽ 22 കുടുംബങ്ങളും തങ്ങുകയാണ്.
ഉദയനാപുരം വല്ലകം സെന്റ് മേരീസ് സ്കൂളിലും പടിഞ്ഞാറേക്കര യുപി എസിലും ഏതാനും കുടുംബങ്ങളുണ്ട്.
ചെന്പ് പഞ്ചായത്തിൽ പൂക്കൈത തുരുത്തിലും നടുത്തുരുത്തിലും ചെന്പ് മാർക്കറ്റ് പരിസരത്തും വെള്ളമിറങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലായി. വൈക്കം നഗരസഭയിലെ ചാലപ്പറന്പ്, അയ്യർകുളങ്ങര ഭാഗങ്ങളിലെ വീടുകളിൽനിന്നു വെള്ളം പൂർണമായി ഇറങ്ങാത്തതിനാൽ മൂന്നു ക്യാന്പുകളിൽ ഏതാനും കുടുംബങ്ങൾ തുടരുകയാണ്.
മഴ കനത്തു പെയ്യാത്തതിനാൽ രണ്ടു ദിവസത്തിനകം വെള്ളമിറങ്ങി ക്യാന്പുകളിൽ ഉള്ളവർക്കു വീടുകളിലേയ്ക്ക് മടങ്ങാനാകുമെന്ന് തഹസിൽദാർ എസ്. ശ്രീജിത്ത് അറിയിച്ചു.
മാനം തെളിയുന്നു; ആശ്വാസത്തോടെ ജനം
കടുത്തുരുത്തി: മഴ മാറി, മാനം തെളിഞ്ഞു. കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞു. ദുരിതബാധിതർക്ക് ആശ്വാസമായി വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളത്തിന്റെ വരവിൽ കുറവുണ്ടായെങ്കിലും എഴുമാംകായലിലെയും കരിയാറിലെയും ജലനിരപ്പ് താഴാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നതിനാൽ കല്ലറയിലെ ക്യാന്പുകളിൽ അഭയം തേടിയവർക്ക് വീടുകളിലേക്കു മടങ്ങണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും.
കല്ലറ പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ 255 പേരും ശ്രീശാരദാവിലാസിനി സ്കൂളിൽ 100 പേരും മാഞ്ഞൂർ പഞ്ചായത്തിലെ ഗവണ്മെന്റ് ഹൈസ്കൂളിൽ 10 കുടുംബങ്ങളിൽ നിന്നായി 30 പേരും കഴിയുന്നുണ്ട്. കടുത്തുരുത്തി പഞ്ചായത്തിലെ ക്യാന്പുകളായ ആയാംകുടി ഗവണ്മെന്റ് എൽപി സ്കൂളിൽ 24 കുടുംബങ്ങളിൽനിന്ന് 80 പേരും എഴുമാന്തുരുത്ത് ഗവണ്മെന്റ് യുപി സ്കൂളിൽ 65 പേരും കഴിയുന്നുണ്ട്.
മുളക്കുളം ഗവണ്മെന്റ് യുപി സ്കൂളിലെ ക്യാന്പ് ഇന്നലെ രാവിലെ പിരിച്ചു വിട്ടു. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ആപ്പുഴ, പുലിത്തുരുത്ത്, മധുരവേലി, കറ്റുരുത്ത്, എഴുമാന്തുരുത്ത്, തുരുത്ത്, കൊല്ലങ്കേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇപ്പോഴും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല.