ജെറി എം. തോമസ്
കൊച്ചി: തിരുവോണ ദിനത്തിൽ ഡ്യൂട്ടി ജീവനക്കാർക്കു സദ്യയുണ്ണാൻ സമയക്രമീകരണവുമായി കെഎസ്ആർടിസി. ആകെയുള്ള ഷെഡ്യൂളുകളെ തുല്യമായി വീതിച്ച് മൂന്ന് സമയങ്ങളിലായാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. തിരുവോണ ദിനത്തിൽ രാവിലെ 11.30 മുതൽ 12.30 വരെയും, 12.30 മുതൽ 1.30 വരെയും 1.30 മുതൽ 2.30 വരെയും ഡ്യൂട്ടീ ജീവനക്കാർക്കു സദ്യയുണ്ണാം. യൂണിറ്റ് ഓഫീസുകൾ മുഖേനയായിരിക്കും ഇതിനുള്ള സമയക്രമീകരണങ്ങൾ നടത്തുക.
അതിനിടെ ഓണത്തോടനുബന്ധിച്ച് വരുമാന വർധനവ് ലക്ഷ്യമിട്ട് കെഎസ്ആർടിസി വലിയ മുന്നൊരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരുവോണം കഴിയുന്നതു വരെയുള്ള ദിവസങ്ങളിൽ ഓരോ ജീവനക്കാരും ഒരു ഡ്യൂട്ടിയെങ്കിലും നിർബന്ധമായും ചെയ്തിരിക്കണമെന്നു കെഎസ്ആർടിസി കർശന നിർദേശം നൽകി.
തിരക്കുള്ള സമയമായതിനാൽ ദിർഘദൂര സർവീസുകൾ മുടങ്ങാൻ പാടില്ലെന്നും യൂണിറ്റധികാരികൾ ഈ വരുന്ന ഒരുമാസക്കാലയളവിൽ ഹെഡ് ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ നേരിട്ട് നിയന്ത്രിക്കേണ്ടതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു. 200 കോടി കളക്ഷൻ നേട്ടത്തിന് പിന്നാലെയുള്ള ഓണക്കാലയളവിൽ കൂടുതൽ വരുമാനം നേടാനാകുമെന്നാണു കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
ജീവനക്കാരുടെ കുറവിനെ തുടർന്ന് ഷെഡ്യൂളുകൾ മുടങ്ങാതിരിക്കാൻ ഓപ്പറേറ്റിംഗ് വിഭാഗം ജീനക്കാരുടെ ലീവുകൽ മുൻകൂട്ടി നിശ്ചയിച്ച് നൽകേണ്ടതാണ്. ഈ കാലയളവിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ പേരുവിവരങ്ങൾ അതാത് ദിവസം തന്നേ മേഖലാ ഓഫീസിലേക്ക് കൈമാറേണ്ടതാണ്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബസുകൾ ക്രമീകരിക്കേണ്ട റൂട്ടുകളിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതും യൂണിറ്റ് ഓഫീസർമാരുടെ മേൽ നോട്ടത്തിൽ ബസുകൾ മുൻകൂട്ടി സമയബന്ധിതമായി സർവീസ് യോഗ്യമാക്കേണ്ടതുമാണ്.
അഡീഷണൽ ദീർഘദൂര സർവീസുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ യഥാസമയം അവ ഓണ്‍ലൈനിൽ ക്രമീകരിക്കുന്നതിന് യൂണിറ്റ് ഓഫീസർമാർ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി വിവരം മേഖലാ ഓഫീസിലേക്ക് അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. അഡീഷണൽ സർവീസുകളുടെ സമയക്രമീകരണം ഓണ്‍ലൈൻ വഴി ക്രമീകരിക്കുന്നതിലൂടെ കൂടുതൽ യാത്രക്കാർ ഇത് പ്രയോജനപ്പെടുത്തുമെന്നാണു കെഎസ്ആർടിസിയുടെ വിലയിരുത്തൽ.