ഷൊർണൂർ: കൂനത്തറ ചൈലിയാട് മലയിൽ വീണ്ടും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പിന്റെ വിലയിരുത്തൽ. കൂനത്തറ ചൈലിയാട് മലയിൽ വൻഉരുൾപൊട്ടൽ നടന്നതിന്ന് ശേഷം ജിയോളജി വകുപ്പ് അധികൃതർ മലയിൽവന്ന് പരിശോധിച്ചശേഷമാണ് ഈ നിഗമനത്തിലെത്തിയത്.മലയ്ക്ക് സമീപത്തുനിന്നുള്ള കുടുംബങ്ങളെ കാലാവസ്ഥ അനുകൂലമായശേഷം വീടുകളിലേക്ക് തിരിച്ചയച്ചാൽ മതിയെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച വിദഗ്ധസംഘം റവന്യൂ വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും നിർദ്ദേശം നല്കിയിരുന്നു.
എന്നാൽ ഇവരിൽ അധികംപേരും തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് ഇതിനകം പോയി. മലയിൽ ഒലിച്ചിറങ്ങിയ വലിയപാറകൾ പൊട്ടിച്ചു മാറ്റുന്ന പ്രവൃത്തികൾ നടന്നുവരുന്നു.വീടുകളിൽ തിരിച്ചെത്തിയാൽപോലും കനത്ത മഴ പെയ്യുന്ന ഘട്ടങ്ങളിൽ ജാഗ്രത വേണമെന്നാണ് ജിയോളജിവകുപ്പ് അധികൃതർ നല്കുന്ന നിർദേശം. മഴ കനക്കുന്പോൾ ഇവിടെനിന്നും മാണണമെന്ന് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജനവാസമേഖലയിലെ മലയിൽ ഉരുൾപൊട്ടലുണ്ടായത്.
പ്രദേശത്തെ 17 കുടുംബങ്ങളെയാണ് കൂനത്തറ സർക്കാർ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയത്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പ്രദേശത്തെ ചെളിനീക്കം ചെയ്യലും വീടുകൾ കൾ വൃത്തിയാക്കുന്ന പ്രവൃത്തികളും നടന്നുവരുന്നു. ഈ പ്രദേശത്ത് ആദ്യമായാണ് മലയിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. നിരവധി വീടുകൾക്ക് ഉരുൾപൊട്ടലിൽ നാശംനേരിട്ടു. ഈ വീടുകളെല്ലാം വാസയോഗ്യമാക്കി മാറ്റണമെങ്കിൽ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും.