മൈക്രോ ചിപ്പ് ഘടിപ്പിച്ച ക്രിക്കറ്റ് ബോളുകൾ രംഗത്തിറക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോൾ നിർമാതാക്കളായ കൂക്കബുര. ക്രിക്കറ്റ് കളി, അനുഭവം എന്നിവയിലെല്ലാം ഇതോടെ മാറ്റം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ബോളിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ ചിപ്പിൽ നിന്നും ഫോണിലേയൊ, ടാബ്ലറ്റിലേയോ ആപ്ലിക്കേഷനിലേക്ക് വിവരങ്ങൾ ലഭിക്കും. കൂക്കബുരയുടെ നിലവിലെ ബോളിന്റെ ഭാരത്തിനൊ രൂപകൽപ്പനയിലോ യാതൊരു മാറ്റവും വരുത്താതെയാണ് പുതിയ ബോൾ തയാറാക്കുന്നത്. റിലീസ് സ്പീഡ്, പ്രീ ബ്രൗണ്‍സ്, പോസ്റ്റ് ബൗണ്‍സ് എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ബോളിൽ നിന്നും ലഭിക്കും.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20 മത്സരങ്ങളിലുമാകും ഈ സ്മാർട്ട് ബോളുകൾ ആദ്യം രംഗത്തിറക്കുക. കൂടാതെ ബോളിന് ഐസിസി അംഗീകാരം നേടിയെടുക്കുവാനാണ് കമ്പനി അധികൃതർ ശ്രമിക്കുന്നത്. ഇത് യാഥാർത്ഥ്യമാക്കുവാൻ ടെക്നോളജി പങ്കാളികളായ സ്പോർട്ട് കോറിനൊപ്പം ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി പരിശ്രമിക്കുകയാണ് കൂക്കബുര.