വടകര: ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്ന് കൂരിരുട്ടിൽ മുങ്ങിയിട്ടും അധികാരികൾക്ക് അനക്കമില്ല. വടകര മുനിസിപ്പാലിറ്റിയോട് ചേർന്നു വടക്കു പെരുവാട്ടുംതാഴ ജംഗ്ഷനിലെ സ്ഥിതിയാണിത്. രാത്രിയായാൽ വാഹനങ്ങളിലെ വെളിച്ചവും ട്രാഫിക് സിഗ്നലിലെ അരണ്ട വെളിച്ചവും മാത്രമേയുള്ളൂ. അതിനപ്പുറം പ്രദേശം മുഴുവൻ കൂരിരുട്ടിൽ മുങ്ങിയിരിക്കുന്നു. ജംഗ്ഷനു സമീപം റോഡ് മുറിച്ചു കടക്കാൻ ആളുകൾ ഭയക്കുന്നു.
വാഹനങ്ങൾ ഏതെന്ന് വ്യക്തമാവില്ലെന്ന അറിയുന്ന ഡ്രൈവർമാരിൽ ചിലർ സിഗ്നൽ പാലിക്കാതെയാണ് രാത്രിയിൽ കുതിക്കുന്നത്.ജംഗ്ഷനു സമീപത്തെ പോസ്റ്റുകളിലെ തെരുവുവിളക്കുകൾ മിഴി തുറന്നിട്ട് കാലമേറെയായി. ഇത് കത്തിക്കാൻ ചുമതലപ്പെട്ടവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കനത്ത മഴയും കൂരിരുട്ടും മോഷ്ടാക്കൾക്ക് വിലസാൻ പാകത്തിലാണ് ഇവിടെ. ഇത് നാട്ടുകാരിൽ ഭീതിയുണർത്തുകയാണ്. ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ഉയർന്നു. ഇതിനായി എംഎൽഎ ഉൾപെടെയുള്ളവരിൽ സമ്മർദം ചെലുത്താനാണ് നാട്ടുകാരുടെ തീരുമാനം.