തളിപ്പറമ്പ്: ടിടികെ ദേവസ്വം വഴിപാട് നിരക്കില്‍ വന്‍ വര്‍ദ്ധനവ് വരുത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.രാഹുലിന്റെ നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്കി. മിക്ക വഴിപാടുകള്‍ക്കും ഇരട്ടിയിലേറെ ചാര്‍ജ് വര്ധിപ്പിച്ചിരിക്കയാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വി.വരുണ്‍, രാജീവന് വെളളാവ് എന്നിവരും രാഹുലിനോടൊപ്പം ഉണ്ടായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളിലെ വഴിപാടുകളിലാണ് ഇരട്ടിയിലേറെ വര്‍ദ്ധനവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഭക്തന്മാരെത്തുന്ന രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടത്തിന് 1000 രൂപയില്‍ നിന്ന് 1500 രൂപയായും നെയ്വിളക്ക് 10 ല്‍ നിന്ന് 20 ആയും പുഷ്പാഞ്ജലി 5 ല്‍ നിന്ന് 10 ആയും വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. നെയ്യമൃത് നിലവിലുള്ള 5 രൂപയായി തുടരും. നിറമാല 795 ല്‍ നിന്ന് 1500 ആയും വര്‍ദ്ധിപ്പിക്കും. ഇത് കൂടാതെ തിരുവപ്പം-2000, വെണ്ണജപം-20 എന്നിങ്ങനെ പുതിയ രണ്ട് വഴിപാടുകള്‍ കൂടി രാജരാജേശ്വര ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലെ വര്‍ദ്ധന ഇങ്ങനെയാണ് (പുതിയ തുക ബ്രാക്കറ്റില്‍) നെയ്പായസം-20 (30), പാല്പായസം-25 (35), വിവാഹം-500(1500), ദീപസ്തംഭം-800(1100). ഉപക്ഷേത്രങ്ങളിലെല്ലാം ഇത്തരത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 21 വരെ വര്‍ദ്ധനവില്‍ പരാതിയുള്ളവര്‍ക്ക് രേഖാമൂലം ദേവസ്വത്തെ അറിയിക്കാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന് നമ്പൂതിരി അറിയിച്ചു.
അടുത്തമാസം 15 മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരുത്താനാണ് ദേവസ്വം ഉദ്ദേശിക്കുന്നത്. പായസം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ക്ക് സാധനങ്ങള്‍ക്ക് വിലകൂടിയതിനാല്‍ വര്‍ദ്ധനവ് വരുത്തുന്നതില്‍ അപാകത ഇല്ലെങ്കിലും ക്ഷേത്രത്തില്‍ നിന്ന് ഒരു തുളസിമാല മാത്രം നല്കുന്ന വിവാഹത്തിന് 500 ല്‍ നിന്ന് 1500 ആയും ക്ഷേത്രത്തിന് ഒരു തരത്തിലുള്ള ചെലവും വരാത്ത പൊന്നിന്‍കുടം സമര്‍പ്പണത്തിന് 1000 ല്‍ നിന്ന് 1500 ആയി വര്‍ദ്ധിപ്പിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.
എന്നാല്‍ നിലവിലുള്ളത് കരട് നിര്‍ദ്ദേശം മാത്രമാണെന്നും ചര്‍ച്ച ചെയ്ത് പരാതികള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ വര്‍ധനവ് വരുത്തുകയുള്ളൂവെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. സാധനങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ വഴിപാടുകള്‍ക്ക് വര്‍ധനവ് വരുത്താതെ പറ്റില്ലെന്നും എ ഗ്രേഡ് ക്ഷേത്രമായതിനാല്‍ അടുത്തമാസം നിലവില്‍ വരുന്ന ശമ്പള വര്‍ധനവിനും തുക കണ്ടെത്തേണ്ടതുണ്ടെന്നും നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.