ഋഷി
സ്വര്‍ഗകവാടങ്ങള്‍ തുറന്ന് നക്ഷത്രങ്ങള്‍ക്കിടയിലിരുന്ന് നമുക്കുമുന്നേ കടന്നുപോയവര്‍ ഭൂമിയിലെ പ്രളയത്തെ നോക്കിക്കാണുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മഹാപ്രളയത്തിന്റെ രണ്ടാമൂഴം. ഭൂമിയിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ പ്രളയജലത്തില്‍ ദുരന്തവും ദുരിതവുമനുഭവിക്കുന്നത് അവര്‍ സ്വര്ഗകവാടങ്ങള്ക്കരികിലിരുന്ന് വേദനയോടെ കണ്ടു. അപ്പോള്‍ അവര്‍ ഒരു അശരീരി ശ്രവിച്ചു പ്രളയജലത്തെ തടയാന്‍ ഭൂമിയില്‍ നന്മ മരങ്ങളുണ്ടാകും. സ്നേഹാനുകമ്പയുടെ പ്രളയജലം ഭൂമിയിലൊഴുകും.
അവര്‍ അതു കേട്ട് വീണ്ടും ഭൂമിയിലേക്ക് നോക്കിയപ്പോള്പ്രളയജലം പതഞ്ഞൊഴുകുന്നതു കണ്ടു…നന്മയുടെ സുഗന്ധവും സ്നേഹാനുകമ്പയുടെ തെളിമയുമായി. മഹാപ്രളയത്തിന്റെ രണ്ടാമൂഴത്തില്‍ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തെ തടഞ്ഞുനിര്‍ത്തിയ നന്മമരങ്ങള്ക്കിടയിലൂടെ കാരുണ്യത്തിന്റെ പ്രളയജലം പ്രവഹിക്കുന്നു!!
മഴപ്പെയ്ത്തൊടുങ്ങിയാലും പ്രളയജലമിറങ്ങിയാലും ഭൂമിയില്‍ നന്മയുടെ പ്രളയം അവസാനിക്കില്ലെന്ന് ഓര്‍മപ്പെടുത്തുകയാണ് ആരൊക്കെയോ ചേര്‍ന്ന്. പ്രളയത്തിനിടയിലെ പ്രതീക്ഷയുടെ പൊന്വെട്ടങ്ങളാണത്. നന്മയുടെ മഹാവൃക്ഷങ്ങള്‍.
അതില്‍ കൊച്ചിയിലെ നൗഷാദുണ്ട്, കോഴിക്കോട്ടെ ആദിയുണ്ട്, ചാലക്കുടിക്കാരന്‍ ആന്റോയുണ്ട്….അങ്ങനെ പേരറിയുന്നവരും അല്ലാത്തവരുമായ ഒരുപാടുപേരുണ്ട്.
കൊച്ചി ഇപ്പോള്‍ ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത് അറബിക്കടലിന്റെ റാണിയായി മാത്രമല്ല. നൗഷാദിന്റെ നാടായി കൂടിയാണ്. പ്രളയദുരിതത്തില്‍ ഉടുതുണിപോലുമില്ലാതെ കഷ്ടപ്പെട്ടവര്‍ക്ക് തന്റെ ഉപജീവനമാര്‍ഗമായ തുണിക്കച്ചവടത്തിന് കൊണ്ടുവന്ന തുണികള്‍ മുഴുവന്‍ ഒരു മടിയുമില്ലാതെ വാരിക്കൊടുത്ത നൗഷാദിന്റെ നഗരമെന്ന പുണ്യമാണ് ഇപ്പോള്‍ കൊച്ചിക്കുള്ളത്. ഇതുവരെ ഈ നഗരം നേടിയ എല്ലാ സല്പേരുകള്ക്കും മുകളില്‍ ഇപ്പോള്‍ കാലം നൗഷാദിന്റെ കൊച്ചി എന്ന സല്പേര് കൊത്തിയിരിക്കുന്നു.
ഇങ്ങനെയൊക്കെ ചെയ്യണമെങ്കില്‍ അത് മനുഷ്യനായിരിക്കില്ല, പടച്ചോന് തന്നെയായിരിക്കും നൗഷാദിന്റെ നന്മനിറഞ്ഞ പ്രവൃത്തിയറിഞ്ഞപ്പോള് ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഒരു പ്രായം ചെന്ന ഉമ്മ നിറഞ്ഞ പ്രാര്‍ത്ഥനയോടെ പറഞ്ഞു.
ഇതൊന്നും ആളുകളറിയാനായി ചെയ്തതല്ല. ചെയ്യുന്നതുമല്ല. കണക്കെല്ലാം വെക്കേണ്ടത് ദൈവത്തിന്റെ മുന്നിലാണ്. അവിടെ മാത്രമാണ്. പി.എം.നൗഷാദ് എന്ന തുണിക്കച്ചവടക്കാരന്റെ ചെറിയ വാക്കുകളില്‍ തെളിയുന്നത് വലിയ മഹത്വം.
ആദിക്കൊരു സ്കൂട്ടർ ഉണ്ടായിരുന്നു
കുതിച്ചൊഴുകുന്ന പ്രളയജലത്തേക്കാള് വേഗത്തില്‍ സഹായങ്ങള്‍ കുതിക്കണമെന്ന് തോന്നിയതുകൊണ്ടാണ് കോഴിക്കോട്ടെ ആദി തന്റെ ബൈക്ക് വിറ്റുകിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പ്രളയജലത്തില്‍ നിന്ന് അതിവേഗം രക്ഷപ്പെടാന്‍ ബൈക്കിലും കാറിലും പായുന്നവര്‍ക്ക് മുന്നില്‍ ആദി നില്ക്കുന്നു. കോഴിക്കോട്ടെ ആദി ബാലസുധ എന്ന ചെറുപ്പക്കാരന്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് പ്രളയം വരുന്നത്. കയ്യിലെ സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവിട്ടു.
പിന്നെയെങ്ങിനെ സഹായിക്കും. സഹായിക്കാന്‍ വെമ്പുന്ന മനസിന് അടങ്ങിയിരിക്കാനാവുമായിരുന്നില്ല. ഭാര്യയോടു കൂടി ആലോചിച്ച് ബൈക്ക് വിറ്റ് 40,000 രൂപ കിട്ടി. അത് മുഴുവന്‍ കൊടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും കയ്യില്‍ വേറെ പണമൊന്നും ഇല്ലാത്തതിനാല്‍ 25,000 രൂപ ദുരിതബാധിതര്‍ക്കായി നല്കി.
കിട്ടിയതില്‍ പാതിയിലധികം. ഇനി പടം വരച്ച് വിറ്റ് പണമുണ്ടാക്കി അതും ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് ആദി പറയുമ്പോള്‍ ദൈവത്തിന്റെ അനുഗ്രഹം ആദിയുടെ മൂര്ധാവിലേക്ക് ചൊരിയപ്പെടുന്നത് കാണാം… കാസർഗോഡ് സ്വദേശിനി എസ്. എം മഞ്ജിമ, രാജേഷ് മണിമല… പണം നൽകിയതിന്റെ രേഖ നൽകിയാൽ പടം വരച്ച് തരാമെന്ന് പറയുന്നവരുടെ പട്ടിക നീളുകയാണ്.
പ്രാരാബ്ധത്തിന്റെ പടുകുഴിയിൽനിന്ന് ആസിഫ് അലി
കടലിനക്കരെ ആണെങ്കിലും കടലിനിക്കരെ ആണെങ്കിലും നന്മ നിറഞ്ഞ മനസിന് ഒരേ നിറമാണ്. വരണ്ടുണങ്ങിയ മണല്‍ നഗരങ്ങളിലും മനസില്‍ നന്മ നിറഞ്ഞവരുണ്ട്. നാട്ടിലെ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ കോട്ടയ്ക്കലില്‍ നിന്ന് കടല്‍താണ്ടി സൗദിയിലെത്തി ജോലി ചെയ്യുന്ന ആസിഫ് അലി.
സൗദിയില്‍ റസ്റ്ററന്റിലാണ് ആസിഫ അലിക്ക് ജോലി. വിദേശികളില്‍ നിന്ന് തനിക്ക് ടിപ്പായി ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയതു കണ്ട് മണല്നഗരത്തിന് പോലും മനസലിഞ്ഞിരിക്കും. ആസിഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പോലുമുണ്ട് നന്മയുടെ തിളക്കം.
പോസ്റ്റ് വായിക്കൂ…
ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു, പ്രാരാബ്ധത്തിന്റെ പടു കുഴിയിലാണ്, ഇപ്പോള്‍ 4 വര്‍ഷമായി സൗദിയില്‍ മലയാളികളുടെ ഒരു റസ്റ്ററന്റില്‍ (മീന്‍കട) ജോലി ചെയ്യുന്നു, ഇത് ഇവിടെ വിദേശികള്‍ക്ക് ഭക്ഷണം മുന്നില്‍ വച്ച് കൊടുക്കുമ്പോള്‍ ടിപ്പ് ആയി തരുന്നതാണ്..
ഇത് മുഴുവനും പെരുന്നാള്‍ പൈസ ആയി മുതലാളി വക കിട്ടിയ പൈസയും കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ പ്രാവശ്യം കൊടുത്തതില്‍ ഏറെ കൊടുക്കാന്‍ തന്നെയാണ് തീരുമാനം.
അനസിന്റെ മനസ്
പ്രളയജലത്തെ തോല്‍പ്പിച്ച് നന്മയുടെ മഹാപ്രളയം മനസുകളില്‍ നിന്നും മനസുകളിലേക്ക് കുതിച്ചൊഴുകുകയാണ്. ഇടമുറിയാതെ….
ആ പ്രവാഹത്തില്‍ ഉള്ളവര്‍ക്കൊപ്പം ഇല്ലാത്തവരും പണ്ഡിതരും പാമരനുമെല്ലാം ചേരുമ്പോഴാണ് നന്മമരങ്ങള് പൂത്തുലയുക.
കയ്യിലുള്ള പണം കൊണ്ട്് മകന്റെ രോഗത്തിന് ചികിത്സിക്കണോ അതോ….
ഏറെയൊന്നും ആലോചിക്കാതെ ആ പണം പ്രളയദുരിതബാധിതര്‍ക്ക് നിറഞ്ഞ മനസോടെ എടുത്തു നല്കിയ അടൂര്‍ സ്വദേശി അനസിനെ എത്ര നമിച്ചാലാണ് മതിയാവുക.
കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സക്കായി സൂക്ഷിച്ചുവച്ച പണമാണ് അനസും കുടുംബവും ദുരിതബാധിതര്‍ക്ക് നല്‍കിയത്.
വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്.സി.സിയില്‍ അഡ്മിറ്റാകുകയാണ്.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ അത്രയും വരില്ലല്ലോ.
ചികത്സയ്ക്കായി കരുതി കൂട്ടി വച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സയ്ക്കായി 2 പേര് സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു …..
അതിജീവിക്കും നമ്മുടെ കേരളം ..
എന്ന് കുറിച്ച് കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച അനസേ…നിന്റെ മനസ്…
ആന്റോ ചാലക്കുടിക്കാരൻ ചങ്ങാതി
ഉള്ളതെല്ലാം ആര്‍ക്കും കൊടുക്കാതെ പ്രളയത്തില്‍ പോലും ആര്‍ത്തിപിടിച്ച് കഴിയുന്നവരേറെ. ഉള്ളുലച്ച് വിലപിക്കുന്നവര്‍ക്ക് ഉള്ളതില്‍ പാതി നല്കിയവരും ഏറെ. അക്കൂട്ടത്തിലുണ്ട് ഇരിങ്ങാലക്കുടക്കാരനായ ചാലക്കുടിക്കാരന്‍ ചങ്ങാതി ആന്റോ. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ആന്റോ നല്‍കിയത് തന്റെ കടയിലെ പകുതിയോളം തുണിത്തരങ്ങള്‍. കാല്‍നൂറ്റാണ്ടായി ചാലക്കുടി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ആന്റോ ഫാഷന്‍ വെയേഴ്സിന്റെ ഉടമയായ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ആന്റോ.
ഇക്കുറിയും ചാലക്കുടി മുങ്ങുമെന്നു ഭയന്ന് കടയിലെ തുണിത്തരങ്ങള്‍ കെട്ടുകളാക്കി വീട്ടിലെത്തിച്ചിരുന്നു. വെള്ളപ്പൊക്കഭീഷണി ഒഴിവായി ഇവ തിരികെ കടയിലെത്തിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മലബാറിലെ പ്രളയബാധിതര്‍ക്കായി സഹായം തേടി സമീപിച്ചത്. ആന്റോ മറ്റൊന്നും ചിന്തിക്കാതെ കെട്ടുകളാക്കിവച്ചിരുന്ന തുണികളില്‍ പകുതിയോളം അവര്‍ക്ക് കൈമാറി.
കച്ചവടക്കാരന്റെ മനസിലുമുണ്ട് കാരുണ്യത്തിന്റെ ജിഎസ്ടിയെന്ന് ആന്റോ കാണിച്ചു തരുന്നു.
കരുണയുടെ നൃത്തവിരുന്ന്
നിനക്കൊന്നുമറിയില്ല…നീ വെറും കുട്ടിയാണ് എന്ന് കുട്ടികളോട് ഇനിയെങ്കിലും പറയല്ലേ.. മഹാപ്രളയത്തില്‍ അവരുടെ മഹാമനസ്കത എത്രയോ തവണ നാടു കണ്ടു. പോക്കറ്റ് മണിയായും സമ്പാദ്യമായുമൊക്കെ കിട്ടിയ പണം ഒരു മടിയും കൂടാതെ ദുരിതബാധിതര്‍ക്കായി നല്കിയ കുട്ടികളോട് നമ്മള് കടപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ ക്രമീകരിക്കുന്ന പൊതുപരിപാടിയില്‍ ഒരു മണിക്കൂര്‍ ഡാന്‍സ് ചെയ്യാമെന്നും നിങ്ങള്‍ എനിക്ക് നല്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയില് മതിയെന്നും പറഞ്ഞ ഏഴാം ക്ലാസുകാരിയും കൊച്ചി സ്വദേശിയുമായ വേണിയുടെ നല്ല മനസിനൊരു പൊന്ചിലങ്കയണിയിക്കണ്ടേ.വരച്ച ചിത്രങ്ങള്‍ വിറ്റും പാട്ടുപാടിയും പണം ശേഖരിച്ച് പ്രളയബാധിതരെ സഹായിച്ച കുട്ടികള്‍ ഏറെ.
നഷ്ടത്തിലും നല്ലവനായി അശോകൻ
രാജാക്കാട്ടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വണ്ടിയിലേക്ക് ഏത്തക്കുലകള്‍ കയറ്റിവച്ച് ഏതെങ്കിലും ക്യാമ്പില്‍ കൊടുക്കണേ എന്ന് പറഞ്ഞ അശോകന്റെ പറമ്പില്‍ ആയിരത്തിലധികം കുലച്ച ഏത്തവാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണ് കിടന്നിരുന്നത്. തന്റെ നഷ്ടങ്ങളുടെ കണ്ണുനീര് അശോകന് ദുരിതബാധിതരുടെ സന്തോഷക്കണ്ണീരാല്‍ തുടയ്ക്കുന്നു.
മണ്ണിലിറങ്ങിയ താരങ്ങൾ
വ്യത്യസ്ത വേഷങ്ങള്‍ മാത്രമല്ല നടന് ജയസൂര്യ ചെയ്യാറുള്ളത്. വ്യത്യസ്തമായ സഹായവും ജയസൂര്യയില്‍ നിന്നുണ്ടായി. പത്ത് ബയോ ടോയ്ലറ്റുകളാണ് ജയസൂര്യ പ്രളയബാധിതര്‍ക്ക് നല്‍കിയത്. ഷൂട്ടിംഗ് തിരക്കിനിടയിലും ദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികളുമായി തൃശൂര്‍ പ്രസ്ക്ലബിലെത്തിയ നടന് ധര്മജന്. മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തി അന്തേവാസികള്‍ക്ക് കുറച്ചെങ്കിലും സന്തോഷവും കുറെയേറെ സാധനസാമഗ്രികളും നല്കിയ ടോവിനോയും ജോജുജോര്‍ജും….ഒരു ലോറി നിറയെ സാധനങ്ങളുമായി എത്തിയ പൃഥ്വിരാജ്… വണ്ടികള്നിറയെ സാധനങ്ങളുമായി വയനാടിന് പോയ ടിനി ടോം…
കളക്ഷന്‍ സെന്ററില്‍ സജീവമായി ഇന്ദ്രജിത്തും പൂര്‍ണിമയും റിമ കല്ലിങ്കലും ബിനിഷ് ബാസ്റ്റ്യനും.. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയതിന്റെ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സിനിമാ താരങ്ങള്‍ നടത്തുന്ന ചാലഞ്ച്….
തങ്ങള്‍ക്കു വേണ്ടി കയ്യടിക്കുന്ന ജനങ്ങളെ കയ്യയച്ച് സഹായിക്കാന്‍ മലയാളസിനിമാലോകം വെള്ളിത്തിര വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രവഹിക്കുകയാണ്….
കരുണാരസവുമായി ഈ ഹോട്ടൽ
ദുരിതാശ്വാസ സഹായത്തിനായി എത്തുന്നവര്‍ക്ക് ഭക്ഷണം സൗജന്യമായി നല്കുന്ന മഞ്ചേശ്വരത്തെ രസം ഹോട്ടലിനെക്കുറിച്ചും പണം വാങ്ങാത്ത തട്ടുകടക്കാരും ദുരിതാശ്വാ സ സാമഗ്രികളുമായി പോകുന്ന ലോറികള്‍ തടഞ്ഞ് ജീവനക്കാര്‍ക്ക് ഭക്ഷണം നല്കുന്ന മലബാറുകാരെക്കുറിച്ചും കൂടി പറയാതെ വയ്യ. നിങ്ങള്‍ വിശന്നുവലഞ്ഞ് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ നിങ്ങളെ ഊട്ടാതെ ഞങ്ങളെങ്ങനെ കഴിക്കും എന്നാണിവരുടെ ചോദ്യം….
സ്വര്‍ഗകവാടങ്ങള്‍ തുറന്ന് ഭൂമിയിലെ പ്രളയം കണ്ടവര്‍ ആശ്വസിച്ചു
ദുരിതമനുഭവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ സഹായിക്കാന്‍
അവര്‍ക്ക് താങ്ങും തണലുമാകാന്‍
ഉടുതുണിയും കുടിവെള്ളവും ഭക്ഷണവും നല്കാന്
നന്മ മരങ്ങള്‍ ഇനിയും ഒരുപാടുണ്ടവിടെ..
മഹാപ്രളയത്തേയും മഹാമാരിയേയും അതിജീവിക്കാന്‍ കെല്പുള്ള നന്മയും സ്നേഹവും നിറഞ്ഞ മനുഷ്യരുണ്ടവിടെ…
എല്ലാം ഇല്ലാതാക്കാനെത്തിയ പ്രളയജലത്തിനും മഹാമാരിക്കും തിരിച്ചുപോകാന്‍ മനസൊരുക്കിയത് ഈ നന്മ നിറഞ്ഞ മനുഷ്യമനസുകളാണ്.