ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്കായി തങ്ങളാലാവുന്ന തരത്തിലുള്ള സഹായം എത്തിച്ച് മാതൃകയാവുകയാണ് ജില്ലയിലെ സുമനസ്സുകൾ. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സഹായ സാമഗ്രികളുടെ സംഭരണ കേന്ദ്രത്തിലേക്ക് ഇതുവരെ സഹായം എത്തിച്ചത് ധാരാളം പേരാണ്.
വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ, യുവജന കൂട്ടായ്മകൾ, സർക്കാർ ഉദ്യോഗസ്ഥ കൂട്ടായ്മകൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള സഹായങ്ങളാണ് സംഭരണ കേന്ദ്രത്തിൽ എത്തിച്ചേരുന്നത്.
പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, പായ, ടൂത്ത്പേസ്റ്റ് ബ്രഷ് തുടങ്ങിയ നിത്യോപയോഗ സാമഗ്രികൾ, കുപ്പിവെള്ളം, മരുന്നുകൾ തുടങ്ങിയവയെല്ലാം സംഭരണ കേന്ദ്രത്തിൽ ചെറിയ തോത് മുതൽ വലിയ അളവിൽ വരെയും എത്തിച്ചേരുന്നു. രജിസ്ട്രേഷൻ വകുപ്പ് അധികൃതർ ചേർന്ന് 1150 കിലോ റവയാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിലേക്കായി സംഭരണ കേന്ദ്രത്തിൽ എത്തിച്ചത്. ഇത്തരത്തിൽ ചെറുതും വലുതുമായ ഒട്ടേറെ സഹായങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട്.
ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന പേരിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ സംസ്ഥാന സർക്കാരിനുവേണ്ടി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഏറ്റുവാങ്ങി.
ആലപ്പുഴ പ്രസ്ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ സബ് കളക്ടർ കൃഷ്തേജ മുഖ്യാതിഥിയായിരുന്നു. പ്രസ്ക്ലബ് പ്രസിഡന്റ് വി.എസ് ഉമേഷ്, സെക്രട്ടറി ജി. ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ടി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഇവിടെ സമാഹരിച്ച സാധനസാമഗ്രികളും സെന്റ് ജോസഫ്സ് സ്കൂളിലെ സംഭരണകേന്ദ്രത്തിലെത്തിച്ചു. ഇവിടെ മന്ത്രി ജി. സുധാകരൻ ഇവ ഏറ്റുവാങ്ങി.
സംഭരണ കേന്ദ്രം പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ റുയ രഹന തന്റെ ചെറിയ സന്പാദ്യമടങ്ങിയ കുടുക്കയാണ് ദുരിതബാധിതർക്കായി സംഭരണ കേന്ദ്രത്തിൽ എത്തിച്ച് മാതൃകയായത്.
വരും ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഹായങ്ങൾ സംഭരണ കേന്ദ്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് എൻ. ബീനയ്ക്കാണ് സംഭരണ കേന്ദ്രത്തിന്റെ ചുമതല.