എരുമേലി: പേട്ടക്കവലയിലെ ടൗൺ റോഡിൽ പഞ്ചായത്ത് ജംഗ്ഷന് സമീപത്തെ റോഡ് മധ്യത്തിൽ കുഴിക്ക് മുന്നിൽ രണ്ട് ദിവസമായി ഒരു ബോർഡുണ്ട്. റോഡിൽ പണികൾ നടക്കുന്നു വൺവേ ആയി വാഹനങ്ങൾ സഞ്ചരിക്കുക എന്നതാണ് ബോർഡിലുള്ളത്. പക്ഷെ, ഈ ബോർഡല്ലാതെ പണിയോ പണികാരെയോ ദിവസങ്ങളായി കാണാനില്ല.
ജല അഥോറിറ്റിയുടെ ജലവിതരണ കുഴൽ പൊട്ടിയൊലിച്ചാണ് ആഴ്ചകളായി ഈ ഭാഗത്ത് റോഡിൽ കുഴി രൂപപ്പെട്ടത്. അപകടസാധ്യത ആയതോടെ പൈപ്പിലെ തകരാർ പരിഹരിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ജല അഥോറിറ്റിയിൽ നടപടിയുണ്ടായില്ല.
ചിങ്ങം മലയാള മാസം തുടങ്ങിയതോടെ റോഡിൽ ശബരിമല തീർഥാടകരുടെ തിരക്കായി. തീർഥാടകർക്ക് വെള്ളം എത്തിക്കാൻ കഴിയാതായതോടെ കുഴിയും കുഴലിലെ തകരാറും പ്രശ്നമായി. ഇതോടെ കഴിഞ്ഞ ദിവസം ജലവിതരണ വകുപ്പിലെ കരാർ തൊഴിലാളികളെത്തി പണികൾ നടത്തുന്നതിനായി മുന്നറിയിപ്പ് ബോർഡ് വച്ചു. അപ്പോഴാണ് റോഡിൽ കുഴിയെടുത്ത് പണികൾ നടത്താൻ മരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നറിയുന്നത്. ഇതോടെ പണി തുടങ്ങാതെ തൊഴിലാളികൾ പോയി. ബോർഡ് മാത്രം കുഴിക്ക് മുന്നിൽ അതേപടി വയ്ക്കുകയും ചെയ്തു.
ബോർഡിലെ വൺവേയും പണികൾ നടത്തുന്നെന്ന മുന്നറിയിപ്പും കണ്ട് വാഹനം തിരിച്ച് സമാന്തര പാതയിലൂടെ പോയവർ നിരവധിയാണ്. ഇതെന്തിനാ ഇപ്പോൾ വൺവേ ആക്കിയതെന്ന് പലരും സംശയിച്ചു. എതിരെ വന്ന വാഹനങ്ങളിലെ യാത്രക്കാർ വൺവേ തെറ്റിച്ചാണ് വരുന്നതെന്ന് ആരോപിച്ച് ചിലർ കയർക്കുകയും ചെയ്തു.
ബോർഡ് മാത്രമേയുള്ളുവെന്നും പണി നടത്തുന്നില്ലെന്നും പിന്നീടാണ് ഇവർക്കൊക്കെ മനസിലായത്. തെറ്റിദ്ധരിപ്പിച്ച് ഇല്ലാത്ത വൺവേ ബോർഡ് വച്ചതിന് കേസെടുക്കണമെന്ന് വരെ ചിലർ ആവശ്യപ്പെട്ടു. പലരും തെറ്റായ ബോർഡിനെതിരെ പ്രതിഷേധിച്ച് മരാമത്ത് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു.
അതേസമയം ജല അഥോറിറ്റിയുടെ കുഴലുകൾ പൊട്ടി റോഡിൽ കുഴികൾ വർധിക്കുകയാണെന്ന് മരാമത്ത് അധികൃതർ പറയുന്നു. റോഡിൽ പണികൾ നടത്തിക്കഴിയുമ്പോഴാണ് കുഴിയെടുക്കാൻ അനുമതി തേടി ജല അഥോറിറ്റി അപേക്ഷ നൽകുന്നതെന്നും മരാമത്ത് കുറ്റപ്പെടുത്തുന്നു. സമാനമായ കാഴ്ചയാണ് കൊരട്ടിയിലുമുള്ളത്. ഇളപ്പുങ്കൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് ജലവിതരണ കണക്ഷൻ നൽകാൻ വേണ്ടി പല തവണയായി റോഡ് വെട്ടിപ്പൊളിച്ചു.
പൊളിക്കൽ കഴിഞ്ഞാൽ കുഴി മൂടി ടാർ ചെയ്യാറില്ല. കുറെ മണ്ണും കല്ലും കുഴിക്ക് മേലെ പൊത്തിവയ്ക്കും. ദിവസങ്ങൾക്കകം ഇവിടം താഴ്ന്ന് പഴയതിനേക്കാൾ വലിയ ഗർത്തമാകും. അപ്പോൾ വീണ്ടും പൈപ്പ് പൊട്ടും. പിന്നാലെ പണിക്കാർ കുഴി വലുതാക്കി പൈപ്പ് പൊട്ടൽ മാറ്റി പഴയപടി പോകും. ചെറിയ കുഴി ആയിരുന്ന ഈ ഭാഗത്ത് ഇപ്പോൾ കുഴികളുടെ എണ്ണവും വലുപ്പവും കൂടിയിരിക്കുകയാണ്. ഇവിടെ കുഴികൾ മൂലം അപകടസാധ്യത ശക്തമാണ്.