കൊച്ചി: സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനുനേരേ നടത്തിയ ലാത്തിച്ചാർജിൽ പോലീസിന് അനുകൂലമായി ഡിജിപി റിപ്പോർട്ട് സമർപ്പിച്ചതോടെ പാർട്ടി ജില്ലാ നേതൃത്വം കൂടുതൽ കുരുക്കിലായി. ഇതുസംബന്ധിച്ചു പ്രതികരിക്കാൻ പോലും കഴിയാത്തനിലയിലാണു ജില്ലാ നേതാക്കൾ. ലാത്തിയടിയിൽ പരിക്കേറ്റ എൽദോ ഏബ്രഹാം എംഎൽഎയും ജില്ലാ സെക്രട്ടറി പി. രാജുവും മുഖ്യമന്ത്രിയുടെ നിലപാടറിയട്ടെയെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.
പോലീസ് ലാത്തിച്ചാർജിൽ എംഎൽഎയ്ക്കും ജില്ലാ സെക്രട്ടറിക്കുമടക്കം പരിക്കേറ്റിട്ടും സിപിഐ സംസ്ഥാന നേതൃത്വം വിഷയത്തിൽ കാര്യമായി ഇടപെട്ടില്ലെന്ന ആഷേപം നേരത്തേ മുതലുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടക്കത്തിൽ പോലീസിന് അനുകൂലമായി പ്രതികരിച്ചതു ജില്ലാ നേതൃത്വത്തിനു തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ ജില്ലാ കളക്ടറുടെ റിപ്പോർട്ട് അനുകുലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഐ ജില്ലാ നേതൃത്വം.
പോലീസിന് അനുകൂലമായി ഡിജിപി റിപ്പോർട്ട് സമർപ്പിച്ചതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടായിരുന്നു ശരിയെന്ന നിലയിലേക്കാണു കാര്യങ്ങൾ എത്തുന്നത്. ഇതുവരെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വവുമായി തുറന്ന പോരിലേക്ക് എത്തുമോയെന്നു സംശയമുണ്ട്.
ഞാറയ്ക്കൽ സിഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനുനേരേയാണ് ലാത്തിച്ചാർജ് ഉണ്ടായത്. നേതാക്കളെ തല്ലിയ പോലീസുകാർക്കെതിരേ നടപടിവേണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ഡിജിപിയുടെ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സിപിഐയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനു പുറമെ ജില്ലയിൽ സിപിഎം-സിപിഐ ബന്ധം കൂടുതൽ വഷളാകുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞശേഷം പ്രതികരിക്കാമെന്ന് എൽദോ ഏബ്രഹാം
കൊച്ചി: സിപിഐ നേതാക്കൾക്കെതിരേയുള്ള ലാത്തിച്ചാർജിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കുനേരേ നടപടികൾ വേണ്ടെന്ന ഡിജിപിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞശേഷം പ്രതികരിക്കാമെന്ന് എൽദോ ഏബ്രഹാം എംഎൽഎ. സർക്കാർ തീരുമാനം വരട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവും മാധ്യമങ്ങളോടു പ്രതികരിച്ചു.
ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ഐജി ഓഫീസിലേക്കു സിപിഐ നടത്തിയ മാർച്ചിനുനേരേയാണു ലാത്തിച്ചാർജ് ഉണ്ടായത്. സംഭവത്തിൽ എംഎൽഎയ്ക്കും പി. രാജുവിനും ഏതാനും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.