നിലന്പൂർ: തന്റെ വീടും സന്പാദ്യവുമെല്ലാം കൺ മുന്നിലൂടെ ഒഴുകി പോകുന്നത് നിസഹായതയോടെ നോക്കി നിന്ന കാര്യം വിവരിക്കുന്പോൾ പോത്തുകൽ പഞ്ചായത്തിലെ പാതാറിലുണ്ടായ ഉരുൾപൊട്ടലിൽ വീട് അടക്കം നഷ്ടപ്പെട്ട ഇലവനാംക്കുഴി ഇജിയുടെ കണ്ണുകൾ നിറയുകയാണ്.
ഇന്ന് ഇജിയുടെ വീടിരുന്ന സ്ഥാനത്ത് ഉരുളിൽ ഒഴുകി വന്നവൻ പാറകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. 40 വർഷമായി ഇവിടെ ഉണ്ടായിരുന്ന പഴയ രണ്ടുനില വീടിന്റെ ഒരു തരി പോലും അവശേഷിച്ചിട്ടില്ല.
ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചതോടെ ഇജി തന്റെ മാതാപിതാക്കളായ ജോർജ്കുട്ടിയുടെയും റോസിയുടെയും സഹോദരൻ റോജിയോടുമൊപ്പം പാതാറിലെ വീട്ടിലാണ് താമസിക്കുന്നത്. എൽകെജിയിൽ പഠിക്കുന്ന മകനുമുണ്ട്.
എട്ടാം തീയതി രാവിലെ മുതൽ മേഖലയിൽ കനത്ത മഴയെ തുടർന്ന് തോട്ടിൽ വെള്ളം കുടിയിരുന്നു. പീന്നീട് വെള്ളം വീട്ടുമുറ്റത്തേക്ക് എത്തിയതോടെ മാതാപിതാക്കളെയും, മകനെയും കൂട്ടി തോടിന്റെ അപ്പുറത്തുള്ള കുരിശടിയുടെ അടുത്തുള്ള വീട്ടിൽ നിൽക്കുകയായിരുന്നു, ഓരോ മണിക്കൂറിലും വെള്ളം കൂടി വന്നു, വൈകുന്നേരം അഞ്ചു മണിയോടെ ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം ആർത്തലച്ച് എത്തിയതോടെ തങ്ങൾക്ക് ആകെയുള്ള വീട് മലവെള്ളപാച്ചിലിൽ ഒഴുകി പോകുന്നത് മാതാപിതാക്കൾക്കൊപ്പം ഇജിക്ക് നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്. 40 വർഷം മുൻപ് പിതാവ് ജോർജ്കുട്ടി നിർമിച്ച വീട് പീന്നീട് രണ്ട് നിലയാക്കി ഉയർത്തി.
കരിങ്കല്ലിന്റെയും മറ്റും പണി എടുത്ത് തന്റെ 10 സെന്റിൽ ജോർജ് പടത്തുയർത്തിയതായിരുന്നു ഈ വീട്. പ്രായാധിക്യം മൂലം ജോർജ് കുടകൾ നന്നാക്കി കൊടുക്കുന്ന ജോലിയാണ് ചെയ്തു വരുന്നത്, ഇജിയുടെയും മകന്റെയും സ്വർണാഭരണങ്ങൾ, സ്ഥലത്തിന്റെ രേഖകൾ, പിതാവിന്റെ ജോലി സംബന്ധമായ പഴയതും പുതിയതുമായ ഉപകരണങ്ങൾ എല്ലാം നഷ്ടമായി. അയൽവാസിയുടെ വീട്ടിലാണ് ഇവർ അന്തിയുറങ്ങുന്നത്. ഒരു വീട് വാടകയ്ക്ക് എടുക്കാൻ പോലും ഇവർക്ക് ആവില്ല. ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒഴികെ എല്ലാം ഒഴുകി പോയി.
ഏറെ മനുഷ്യസ്നേഹികളുള്ള നമ്മുടെ നാട്ടിൽ തങ്ങൾ ഒറ്റപ്പെടില്ലെന്ന വിശ്വാസമാണ് തന്നെയും കുടുംബത്തേയും മുന്നോട്ട് നയിക്കുന്നതെന്ന് ഇജി പറഞ്ഞു, കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിലാണ് ഈ കുടുംബം തീരാദുരിതത്തിലായത്.