നെടുന്പാശേരി: അംഗപരിമിതരുടെ ലോക ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ കിരീടമണിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടുക്കി സ്വദേശി അനീഷ് പി. രാജന് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. അനീഷിനെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്.
ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോക കിരീടം സ്വന്തമാക്കിയത്. വിവിധ മത്സരങ്ങളിലായി 11 വിക്കറ്റുകൾ കരസ്ഥമാക്കിയ അനീഷ് രണ്ടു മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെന്റിലെ ഏറ്റവും നല്ല ബോളർ ആയി തെരഞ്ഞെടുക്കപ്പെട്ടതും അനീഷായിരുന്നു.
ജന്മനാ വലതു കൈപ്പത്തി ഇല്ലാതിരുന്ന അനീഷ് വളരെ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിൽ ആകൃഷ്ടനായിരുന്നു. മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഈ യുവാവ് സാധാരണ ക്രിക്കറ്റ് ടീമിലാണ് പരിശീലിക്കുന്നത്. ഇടുക്കി ചെറുതോണി സ്വദേശിയായ അനീഷിന് തൃപ്പൂണിത്തുറയിൽ താമസത്തിനും മറ്റും സൗകര്യമൊരുക്കി നൽകിയിരിക്കുന്നതും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബാണ്.