നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 24,37,000 രൂപയുടെ വിദേശ കറൻസി സുരക്ഷാ വിഭാഗം പിടികൂടി. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർഗോഡ് സ്വദേശിയാണ് പിടിയിലായത്.
അമേരിക്കൻ ഡോളർ, സൗദി റിയാൽ, യുഎഇ ദിർഹം എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയിരിക്കുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രോളിബാഗിന്റെ ഹാന്റിലിനകത്താണ് വിദേശ കറൻസികൾ ഒളിപ്പിച്ചിരുന്നത്. വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി പാസ്പോർട്ട് രേഖകളിൽ നിന്നും വ്യക്തമായതിനെ തുടർന്നുള്ള സംശയത്തിന്റെ പേരിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വിദേശ കറൻസി കണ്ടെത്തിയത്.
മുൻപ് ഇയാൾ ദുബായിൽ ഹോട്ടൽ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇതിന് ശേഷം ഇവിടെ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങി ഗൾഫിലേക്ക് കൊണ്ടു പോകുകയും തിരികെ വരുമ്പോൾ പെർഫ്യൂമുകൾ കൊണ്ടുവന്ന് ഇവിടെ കച്ചവടം ചെയ്യുകയുമായിരുന്നെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
ഇപ്പോൾ സ്വർണത്തിന് അമിതമായി വില കൂടിയ സാഹചര്യത്തിൽ സ്വർണം വാങ്ങി കേരളത്തിലേക്ക് കടത്താമെന്ന ഉദ്ദേശ്യത്തിലാണ് വിദേശ കറൻസി കൊണ്ടു പോകാൻ ശ്രമിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണിയാണെന്നാണ് കസ്റ്റംസ് വിഭാഗം സംശയിക്കുന്നത്. ഇത് സംബന്ധിച്ച് ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്