കണ്ണൂർ: കന്നുകാലികളെ മോഷ്ടിച്ചു വില്പന നടത്തുന്ന യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്രം സ്വദേശികളായ ഫസൽ, മുഹമ്മദ് എന്നിവരുടെ കന്നുകാലികളെ കവർന്ന സംഭവത്തിലാണ് പള്ളിപ്രം സ്വദേശിയായ അനീസിനെ (32) അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്പാണ് ഇരുവരുടെ കന്നുകാലികളെ അനീസ് കവർന്ന് വില്പന നടത്തിയതെന്നു പറയുന്നു.അനീസിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
പള്ളിപ്രം, ചാലാട്, എളയാവൂർ, കക്കാട് എന്നിവടങ്ങളിൽ നിന്നായി 25 കാലികളെയാണ് ഇയാൾ ഇതുവരെ കവർന്നത്. കവർച്ച നടത്തുന്ന കന്നുകാലികളെ ചാലാട് ഫാം നടത്തുന്ന യുവാവിന് വില്പന നടത്തിയതായാണ് ഇയാൾ പറയുന്നത്. രണ്ടോ മൂന്നോ കന്നുകാലികളെ നല്കുന്പോൾ 20000 രൂപയാണ് ഫാം ഉടമ നല്കുന്നതെന്ന് അനീസ് പോലീസിന് നല്കിയ മൊഴിയിൽ പറയുന്നു.
വാഹനവുമായി കറങ്ങുന്ന അനീസ് വഴിയരികിൽ കാണുന്ന കന്നുകാലിയെ വാഹനത്തിൽ കയറ്റി ഫാം ഹൗസിൽ എത്തിക്കുകയാണ് പതിവ്. വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.