തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ നൂറു വര്‍ഷം പാരമ്പര്യമുള്ള ധര്‍മടം സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ ഉന്നത സ്വാധീനമുള്ള സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേരെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി.
ഇവരിൽ രണ്ട് പേര് നിലവിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും ഒരാള്‍ പാര്‍ട്ടി അനുഭാവിയുമാണ്. തട്ടിപ്പ് പുറത്തുവന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഗത്യന്തരമില്ലാതെ നേതാക്കളുള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കാന്‍ സിപിഎം നേതൃത്വം നല്കുന്ന ഭരണ സമിതി തീരുമാനിച്ചത്.
ധര്‍മടം സര്‍വീസ് സഹകണ ബാങ്കിലെ ജൂണിയര്‍ ക്ലാര്‍ക്കും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന അണ്ടല്ലൂരിലെ എം.വി. വിനീഷ്, അണ്ടല്ലൂര്‍ സായാഹ്ന ശാഖയിലെ മാനേജര്‍ ഇൻ ചാര്‍ജ് പി.സജീവ് കുമാര്‍ എന്ന സജീവൻ മാഷ്, പ്യൂണ്‍ പത്മനാഭന് എന്നിവരെയാണ് ബാങ്ക് പുറത്താക്കിയത്.
ഭരണ സമിതി തീരുമാനം സിപിഎം ധര്‍മടം സൗത്ത്, നോര്‍ത്ത് ജനറല്‍ ബോഡികളില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പാര്‍ട്ടി ജനറല്‍ ബോഡിയില്‍ നടന്ന റിപ്പോര്‍ട്ടിംഗിന്റെ ഓഡിയോ പുറത്തായതോടെയാണ് അതീവ രഹസ്യമായി നടന്ന പുറത്താക്കല്‍ വിവരം പുറംലോകം അറിഞ്ഞത്.
ബാങ്കില്‍ നടന്ന ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തായത്. വകുപ്പുതല അന്വേഷണം ഊര്‍ജിതമായി നടന്നെങ്കിലും നേതാക്കളെ സംരക്ഷിക്കുകയാണ് പാര്‍ട്ടി നേതൃത്വവും ഭരണ സമിതിയും ചെയ്തതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ അടുത്ത നാളില്‍ തലശേരിയിലെ സഹകരണ ബാങ്കിലെ ജീവനക്കാരനായ സിപിഎം നേതാവ് ക്ഷേമ പെന്ഷന് തട്ടിയെടുത്ത് വിവാദമാകുകയും ഈ നേതാവിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ധര്‍മടത്തും നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായതെന്നാണ് സിപിഎമ്മിനുള്ളിലെ അടക്കംപറച്ചിൽ