സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപേകാന് സിപിഎം തീരുമാനം. പ്രളയം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങി ജനങ്ങളുടെ സ്വീകാര്യത പിടിച്ചുപറ്റാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരിതങ്ങള്‍ സര്‍ക്കാരിന്റെ മറ്റുവികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍ അതിലുപരി ജനങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി ദുരിതകാലത്ത് അവര്‍ക്കൊപ്പം നില്ക്കുക എന്നതാണ് മുഖ്യമെന്നാണ് പാര്‍ട്ടി അണികള്‍ക്ക് നല്കുന്ന നിര്‍ദേശം. ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് പൊതുവായ വികാരം. അതേസമയം കഴിഞ്ഞ പ്രളയകാലത്ത് സജീവമായി രംഗത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ ഇത്തവണ ഏറെ പിന്നോക്കം പോയതായി നേതാക്കള്‍ തന്നെപറയുന്നു.
കഴിഞ്ഞ പ്രളയകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ലോക്സഭാതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ഇതിന് കാരണമായിട്ടുണ്ടെന്നാണ് അണികള്‍ തന്നെ നേതാക്കളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പലരും പിന്നോട്ടടിക്കുകയാണ്. ഇത് ഉടന്‍ പരിഹരിച്ച് ജനങ്ങളിലേക്കിറങ്ങിചെന്ന് പ്രവര്‍ത്തനം നടത്തണമെന്നനിര്ദേശമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പങ്കുവച്ചത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. അതേസമയം സേവാഭാരതി ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ പ്രളയകാലത്ത് നടത്തുന്ന പ്രവര്‍ത്തനം സിപിഎം പ്രദേശിക നേതൃത്വങ്ങളെ പലയിടത്തും പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ കിണറുകള്‍ വൃത്തിയാക്കുന്നതിനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സേവാഭാരതി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
കഴിഞ്ഞ പ്രളയകാലത്ത് നടത്തിയതിന്റെ പകുതി പ്രവര്‍ത്തനം പോലും സിപിഎം യുവജനസംഘടനകള്‍ക്ക് നടത്താനും കഴിയുന്നില്ല. പലയിടത്തുനിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഡിവൈഎഫ്ഐ വിവിധ യൂണിറ്റുകള്‍ പ്രദേശിക തലത്തില്‍ യോഗം ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തീരുമാനിച്ചിട്ടുണ്ട്.