ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ അനുമതിയില്ലാതെ ചില സംഘടനകളും വ്യക്തികളും ഭക്ഷണ വിതരണം ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പ് കാരും ആവശ്യപ്പെടുന്നു. വിവിധ വാർഡുകളിലും ആശുപത്രി പരിസരത്തും ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് വൃത്തിയാക്കുന്ന ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
നവജീവൻ ട്രസ്റ്റ്, ഡി.വൈ.എഫ്.ഐ, സേവാഭാരതി തുടങ്ങിയ സംഘടനകൾ ആശുപത്രി അധികൃതരുടെ അനുമതിയോടെ ഭക്ഷണം വിതരണം ചെയ്യുന്പോൾ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ നിരവധി വ്യക്തികളും സംഘടനകളും ഭക്ഷണം വിതരണം ചെയ്യുകയാണ്.
ഇവർ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിച്ച് ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യവിഷബാധയുണ്ടായാൽ അത് അനുമതിയോടെ ഭക്ഷണ വിതരണം നടത്തുന്ന സംഘടനകളേയും ബാധിക്കും. ചില വ്യക്തികൾ പിരിവിലൂടെ പണം കണ്ടെത്തിയാണ് ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തുന്നത്. അതിനാൽ വ്യക്തികൾ നടത്തുന്നതും ചില വ്യാജ സംഘടനകൾ നടത്തുന്നതുമായ ഭക്ഷണ വിതരണം നിയന്ത്രിക്കുവാൻ ആശുപത്രി അധികൃതർ ഇടപെടണമെന്നാണാവശ്യം.
മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ചില വ്യക്തികളും സംഘടനകളും അനുമതിയില്ലാതെ ഭക്ഷണ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അന്വേഷിക്കുവാൻ സുരക്ഷാ വിഭാഗം മേധാവിയെ ചുമതലപ്പെടുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ.ജയകുമാർ അറിയിച്ചു.