കൊച്ചി: നഗരത്തിലെ വജ്രവ്യാപാര സ്ഥാപനത്തിൽനിന്നു രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ചതന്നെ മുംബൈയിലേക്കു തിരിച്ചേക്കും. കേസ് അന്വേഷണം മുംബൈയിലേക്കുകൂടി വ്യാപിപിക്കുന്നതിന്റെ ഭാഗമായാണു പ്രത്യേക സംഘം അവിടേക്കു പോകുന്നത്.
വജ്രാഭരണങ്ങൾ മുംബൈയിലാണു വിൽപ്പന നടത്തിയതെന്ന കേസിലെ പ്രതിയായ ബംഗളൂരു ആർത്തസിട്രിൻ വില്ലയിൽ പ്രശാന്ത് നായരുടെ (28) മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്കു വ്യാപിപ്പിക്കുന്നത്. അതിനിടെ, റിമാൻഡിൽ കഴിഞ്ഞുവരുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഉടൻ അധികൃതർ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടേയെന്നത് ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ പ്രതിയിൽനിന്ന് ചോദിച്ചറിയും.
വജ്രവ്യാപാര സ്ഥാപനത്തിൽനിന്ന് 99 ആഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. ഇവയിൽ 48 എണ്ണമാണ് മുംബൈയിൽ വിൽപ്പന നടത്തിയത്. ഇവ മുംബൈയിൽ നിന്നു കണ്ടെടുക്കേണ്ടതുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ഫാഷൻസ് ലിമിറ്റഡ് (എഫ്എൽഎഫ് ) വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരിലാണു പ്രതി തട്ടിപ്പ് നടത്തിയത്.
എഫ്എൽഎഫ് ശൃംഖലിയലെ അസിസ്റ്റൻറ് മാനേജരായി ജോലി നോക്കിവരികയായിരുന്ന പ്രതിയെ ഈ വർഷം ആദ്യം കന്പനിയിൽനിന്നു പുറത്താക്കിയിരുന്നു. ഇതേത്തുടർന്നു പ്രതി എറണാകുളത്തെ വജ്രവ്യാപാര സ്ഥാപനത്തിൽ എത്തി നേരത്തെ ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ഫാഷൻസ് ലിമിറ്റഡിന്റെ പ്രീമിയം കസ്റ്റമേഴ്സിന് ഗിഫ്റ്റ് നൽകാൻ എന്ന വ്യാജേനയാണ് വജ്രാഭരണങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയത്.
എഫ്എൽഎഫിനിന്നു തട്ടിയെടുത്ത ലെറ്റർ ഹെഡ് ഉപയോഗിച്ച് കന്പനി അധികൃതരുടെ കള്ള ഒപ്പിട്ട് വ്യാജ എംഒയു തയാറാക്കി വജ്രവ്യാപാരി സ്ഥാപനത്തിൽ നിന്ന് 45 ദിവസത്തെ ക്രെഡിറ്റിൽ 99 വജ്രാഭരണങ്ങൾ വാങ്ങുകയായിരുന്നു.