തലശേരി: ധര്‍മടം സഹകരണ ബാങ്കില്‍ നിന്നും ലോണിന്റെ മറവില്‍ സിപിഎമ്മിലെ ഉന്നത നേതാവ് തട്ടിയത് ലക്ഷങ്ങള്‍. സംഭവത്തില്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നേതാവിന്റെ “ജാഗ്രത കുറവ്’ മാത്രം. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ നേതാവിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കുകയും ഏരിയാ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തു.
ബാങ്ക് പ്രസിഡന്റ് സ്ഥാനം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കുകയും ചെയ്തു. എന്നാല്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത നേതാവിനെ കൈവിടാന്‍ തയാറാകാത്ത പാര്‍ട്ടി നേതൃത്വം നേതാവിനെ പാര്‍ട്ടി വർഗ ബഹുജന സംഘടനയുടെ നേതൃത്വ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് വിവാദമാകുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി നേതൃത്വം നല്കുന്ന ബാങ്കില്‍ അതീവ രഹസ്യമായി നടന്ന തട്ടിപ്പുകളും പാര്‍ട്ടി നടപടികളും പുറത്തായതില്‍ നേതൃത്വം ഞെട്ടിലായിരിക്കുകയാണ്.
നൂറു വര്‍ഷത്തെ പാരമ്പര്യവും മികച്ച സേവനവും നടത്തി വരുന്ന ധര്‍മടം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കാന്‍ ഭരണ സമിതി തീരുമാനിച്ചതിനു പിന്നാലെയാണ് ബാങ്ക് പ്രസിഡന്റായിരുന്ന നേതാവിന്റെ തട്ടിപ്പും പുറത്തു വന്നിട്ടുള്ളത്. മുഴപ്പിലങ്ങാട് സ്വദേശിനിയായ വീട്ടമ്മക്ക് അഞ്ച് ലക്ഷം രൂപ വായ്പ അനുവദിച്ചപ്പോള്‍ 62,000 രൂപ ഈ നേതാവ് കമ്മീഷനായി കൈപ്പറ്റിയതായി ബാങ്ക് ജീവനക്കാരുടെ ഫീല്‍ഡ് വര്‍ക്കില്‍ വ്യക്തമായോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്.
ഇതിനു പുറമെ കതിരൂരില്‍ ഒരു കുടുംബത്തിലെ മാതാപിതാക്കളും മകനുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് അനധികൃതമായി 50 ലക്ഷം രൂപ വായ്പ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നരകോടി രൂപയോളം വേണ്ടത്ര ഈടില്ലാതെ കമ്മീഷന് കൈപ്പറ്റി വായ്പ അനുവദിച്ചിട്ടുള്ളതായും രേഖകള്‍ വ്യക്തമാക്കുന്നതായി സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് രാഷ്ട്രദീപികയോട് പറഞ്ഞു.
നെല്പാടങ്ങള്വരെ ഈടായി വാങ്ങി ലക്ഷക്കണക്കിന് രൂപയാണ് ഈ നേതാവിന്റെ കാലഘട്ടത്തില്‍ വായ്പയായി നല്‍കിയിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരത്തില്‍ വായ്പ സംഘടിപ്പിച്ച പലരും ഇപ്പോള്‍ വയ്പ തുക തിരിച്ചടിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കതിരൂര്‍, പാതിരിയാട്, പുല്ല്യോട്, കൊട്ടിയോടി, മാവിലായി, മരുവമ്പായി തുടങ്ങിയ സ്ഥലത്തുള്ളവരാണ് ഇത്തരത്തില്‍ വായ്പ സംഘടിപ്പിച്ചിട്ടുള്ളത്.
ബാങ്കിന് ഈടായി ലഭിച്ചിട്ടുള്ള പല സ്ഥലങ്ങളും ബാങ്ക് പിടിച്ചെടുത്ത് വില്പന നടത്തിയാലും മുതലിന്റെ കാല്‍ഭാഗം പോലും ലഭിക്കില്ലെന്ന് ബാങ്ക് ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ചില സ്ഥലങ്ങളുടെ രേഖകള്‍ മറ്റ് ബാങ്കുകളില്‍ പണയം വെച്ചിട്ടുള്ളതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.ചില സ്ഥലങ്ങള്‍ വില്‍പ്പന നടത്താന്‍ പോലും പറ്റാത്തതാണെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം സ്ഥലങ്ങള്‍ വാല്യൂവേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണ്ടി വരുമെന്ന് സഹകരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ബാങ്കിലെ ജൂണിയര്‍ ക്ലാര്‍ക്കും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന അണ്ടല്ലൂരിലെ എം.വി വിനീഷ്, അണ്ടല്ലൂര്‍ സായാഹ്ന ശാഖയിലെ മാനേജര്‍ ഇന്‍ചാര്‍ജ് സജീവ് കുമാര്‍, പ്യൂണ്‍ പത്മനാഭന് എന്നിവരെ പുറത്താക്കാന്‍ സമിതി തീരുമാനിച്ചിരുന്നു. സിപിഎമ്മിന്റെ ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ നേതാക്കളോട് ബാങ്കിലെ സാമ്പത്തീക തട്ടിപ്പുകള്‍ സംബന്ധിച്ച് പല വീടുകളില്‍ നിന്നും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്.