കുന്നംകുളം: നഗരസഭയിലെ നാനൂറിൽ പരം അയൽക്കൂട്ടങ്ങളിലെ കുടുംബശ്രീ സഹോദരിമാർ വീടുകൾ തോറും കയറിയിറങ്ങി അരി, പലചരക്ക്, പച്ചക്കറി, തുണിത്തരങ്ങൾ, പാത്രങ്ങൾ, പായ, പുതപ്പ്, തലയിണ, പുസ്തകങ്ങൾ, ബാഗുകൾ തുടങ്ങി ഉദ്ദേശം ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനസാമാഗ്രികൾ സമാഹരിച്ചു.
ഇതിന് പുറമേ 25,000 രൂപയോളം പണമായും സമാഹരിച്ച് നഗരസഭ ചെയർപേഴ്സണ്‍ സീത രവീന്ദ്രന് വൈസ് ചെയർമാൻ പി.എം.സുരേഷ്, സെക്രട്ടറി കെ.കെ.മനോജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മെന്പർ സെക്രട്ടറി സിനി കൈമാറി.
സാധനസാമാഗ്രികൾ നിലന്പൂർ, കോഴിക്കോട്, വയനാട് മേഖലകളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ നൽകി. മനുഷ്യ ജീവനുകൾ സുരക്ഷിതമാക്കുക എന്നത് പ്രധാനമാണ്.
അതോടൊപ്പം വളർത്തു മൃഗങ്ങളുടെ വിശപ്പകറ്റാൻ സാധ്യമായത് ചെയ്യണമെന്ന് പല ദിക്കുകളിൽ നിന്നും വിവരം ലഭിച്ചതിന്റെ വെളിച്ചത്തിൽ കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച തുകയ്ക്ക് കാലിത്തീറ്റ വാങ്ങി ആലപ്പാട് പുളള് ,വയനാട് തുടങ്ങിയ മേഖലകളിലേക്ക് എത്തിച്ചു. കുടുംബശ്രീ സഹോദരിമാർക്ക്, ചെയർ പേർസണ്‍ നന്ദി രേഖപ്പെടുത്തി.