വണ്ടിത്താവളം: കനത്ത മഴയിൽ വണ്ടിത്താവളം സ്കൂളിനു പുറകിലുള്ള മൂലത്തറ ഇടതുകനാൽ ബണ്ട് തകർന്നത് ഒരാഴ്ച കഴിഞ്ഞും പുനർനിർമ്മിക്കാതിരിക്കുന്നതു വിദ്യാർത്ഥികൾക്ക് അപകടഭീഷണിയായിരിക്കുകയാണ്. കനാൽബണ്ടിനൊപ്പം സ്ക്കൂൾമതിലും നിലംപതിച്ചിരിക്കുകയാണ്. സ്കൂൾ അവധി ദിനമെന്നതിനാൽ അനിഷ്ട സംഭവം ഒഴിവാകുകയാണുണ്ടായത്.
സ്ക്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ജലസേചനവകുപ്പ് അധികാരികൾ സംഭവസ്ഥലം സന്ദർശിച്ചു മടങ്ങിയിരുന്നു. കനാലിലോനോട് ചേർന്നുള്ള മൂത്രപ്പുരകളും നിലവിൽ അപകട ഭീഷണിയിലാണുള്ളത്.മഴ പെയ്താലോ കന്പാലത്തറ ഏരിയിൽ നിന്നു വെള്ളമിറക്കിയാലോ സ്കൂളിനകത്ത് ജലപ്രളയം ഉണ്ടാവുമെന്നതാണ് സാഹചര്യം. 3000 കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. സ്കൂൾ മതിലോടു ചേർന്ന കനാൽ ബണ്ടാണ് നിലംപതിച്ചിരിക്കുന്നത്.
വിശ്രമസമയങ്ങളിൽ വിദ്യാർത്ഥികൾ സ്കൂളിനു പുറകിലുള്ള സ്ഥലത്താണ് കളിസ്ഥലമായി ഉ പ യോഗിക്കുന്നത്. മതിൽ കെട്ട് തകർന്ന സ്ഥലത്ത് വിദ്യാർത്ഥികൾ പോവാതിരിക്കാൻ താൽക്കാലികമായി സംരക്ഷണ വേലി നിർമ്മിക്കണമെന്നത് രക്ഷിതാക്കളുടെ അടിയന്തര ആവശ്യമായിരി ക്കുകയാണ്. മഴ വീണ്ടും പെയ്താൽ അഞ്ചു മൂത്രപ്പുരകളും തകർന്നു വീഴാനും സാധ്യതയുണ്ട്. ജലസേചനവകുപ്പ് അധികൃതരുടെ മെല്ലെപ്പോക്കു നയത്തിൽ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാണ്.
ആറു മാസം മുൻപ് വണ്ടിത്താവളം പാറമേട്ടിൽ പ്രധാന കനാലിന്റെ തെക്കുഭാഗം പത്തു മീറ്റർ നീളത്തിൽ തകർന്ന് വെള്ളപ്പാച്ചിലിൽ മദ്രസ്സ സ്ക്കൂൾ കെട്ടിടം തകർന്നിരുന്നു. അപകട സമയത്ത് വിദ്യാർത്ഥികൾ ഉണ്ടാവാതിരുന്നതാണ് ദുരന്തം വഴി മാറാൻ കാരണമായത്. നിർമ്മാണത്തിലിരുന്ന കെട്ടിട ഭാഗങ്ങൾ കുത്തിയൊഴുകിയ വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു.
സമീപ വീടുകളിലും വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചിരുന്നു. കനാൽ ബണ്ടിൽ ചോർച്ച ഉണ്ടെന്നും സമീപവാസികൾ ഭീതിയിലാണ് കഴിയുന്നതെന്നും താമസക്കാർ മൂൻകൂറായി പരാതി നൽകിയിട്ടും ജലസേചന വകുപ്പു അധികൃതരുടെ അനാസ്ഥയാണ് വൻനാശനഷ്ടത്തിനു കാരണമെന്നും പൊതുജന ആരോപണവും ഉയർന്നിരുന്നു. ഇപ്പോൾ അത്തരത്തിൽ വീണ്ടുമൊരു ദുരന്തം ആവർത്തി ക്കുന്ന ഭീതിയിലാണ് രക്ഷിതാക്കൾ.