കുളത്തൂപ്പുഴ: നിരന്തരം നാട്ടുകാര്‍ക്ക് ശല്യമായി മാറിയ സാമൂഹിക വിരുദ്ധരെ പിടികൂടാനെത്തിയ പോലീസിനെ സംഘം ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായിരുന്നു. ചോഴിയക്കോട് സിദ്ദിഖ് മൻസിൽ അടിമ എന്നുവിളിക്കുന്ന സിദ്ദിഖ്(29), രതീഷ് വിലാസത്തിൽ രജിൻ മോഹൻ എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ചോഴിയക്കോട് കവലക്ക് സമീപം മിൽപ്പാലം-മൂന്നുമുക്ക് പാത കേന്ദ്രീകരിച്ച് പ്രദേശവാസികളായ യുവാക്കൾ സംഘം ചേർന്ന് മദ്യപിക്കുകയും പരിസര വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ അസഭ്യം പറച്ചിലും ഏറ്റുമുട്ടലുകളും മറ്റുമായി ബഹളമുണ്ടാക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ റൂറല്‍ എസ്പി യോട് ഫോണില്‍ പരാതിപ്പെട്ടിരുന്നു.
ഇതേ തുടർന്ന് കുളത്തൂപ്പുഴ എസ്ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് അന്വേഷിക്കാനെത്തിയ പോലീസിന്റെ മൊബൈല്‍ഫോണ്‍ തട്ടിതെറിപ്പിച്ച് മദ്യകുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെ കുത്താൻ ശ്രമിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയതോടെ മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു.
ഇരുവര്‍ക്കുമെതിരെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനാണ് കേസെടുത്തിട്ടുളളത്. നാട്ടുകാരുടെ പരാതിയില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രദേശവാസികളായ അരുൺബാബു, സുജിത്ത്, അനൂപ്, സുധിൻ, സുബാഷ് തുടങ്ങിയവരെയും പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളത്. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.