മുക്കം: തനിക്കെതിരേ ഉയരുന്ന അപവാദപ്രചാരണങ്ങളെ തള്ളി കേരളത്തിലെ ആദ്യ മുത്തലാക്ക് കേസിലെ പരാതിക്കാരി. ചൊല്ലിയത് മുത്തലാക്ക് തന്നെയാണന്നും ഓഗസ്റ്റ് ഒന്നിന് വൈകിട്ട് വീട്ടിലെത്തിയാണ് ഭര്‍ത്താവ് ഉസാം മുത്തലാക്ക് ചൊല്ലിയതന്നും യുവതി പറഞ്ഞു.
താന്‍ വിവാഹമോചനം തേടിയെന്ന പേരില്‍ പ്രചരിക്കുന്ന രേഖ വ്യാജമാണ്. കുറ്റപ്പെടുത്തുന്നവര്‍ തന്റെ ഏഴുവര്‍ഷത്തെ ജീവിതയാതനകള്‍ അറിയാത്തവരാണെന്നും യുവതി പറഞ്ഞു. മുത്തലാക്ക് നിരോധനനിയമപ്രകാരം ഭര്‍ത്താവ് മുക്കം ചുള്ളിക്കാപ്പറമ്പ് സ്വദേശി ഉസാമിനെതിരെ നല്കിയ കേസ് സത്യസന്ധമാണ്. ഭർത്താവ് മൂന്ന് മൊഴിയും ചൊല്ലിയതിനു സാക്ഷികളുമുണ്ടെന്നും അവർ പറഞ്ഞു.
കൂടുതല്‍ സ്ത്രീധനവും സ്വര്‍ണവും ചോദിച്ച് ഏറെ പീഡിപ്പിച്ചു. തനിക്ക് അവഹിത ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു. മറ്റൊരു യുവതിയെ വിവാഹം ചെയ്യാനാണ് തന്നെ മുത്തലാക്ക് ചൊല്ലിയത്.
മുത്തലാഖ് കേസില്‍ ഭര്‍ത്താവ് ഉസാമിനെ അറസ്റ്റ് ചെയ്തതോടെ യുവതിക്കെതിരേ ചിലര്‍ അധിക്ഷേപപ്രചാരണം തുടങ്ങിരുന്നു. മുത്തലാക്ക് നിയമം ദുരുപയോഗം ചെയ്തുവെന്നും പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണു യുവതിയുടെ വിശദീകരണം.