കൊച്ചി: ഹിമാചൽപ്രദേശിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതു സംബന്ധിച്ച് തന്നെ ആദ്യം അറിയിച്ചതു നടൻ ദിലീപാണെന്നു വ്യക്തമാക്കി ഹൈബി ഈഡൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിവരമറിഞ്ഞ ഉടൻ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചൽ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടതായും എംപി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ഛത്രു എന്ന സ്ഥലത്തു പ്രളയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുനൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരുണ്ട്.
അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ് വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.