കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിൽ പട്ടിമറ്റത്ത് റോഡ് തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും അധികൃതരുടെ അനാസ്ഥ മൂലം പുനർനിർമിക്കാതെ മോചനം കാത്ത് കിടക്കുന്നു.മണ്ഡലകാലത്ത് ഉൾപ്പെടെ ആയിരക്കണക്കിന് യാത്രാ വാഹനങ്ങളും മറ്റു വാഹനങ്ങളും കടന്നു പോകുന്ന ഈ പാതയിൽ റോഡ് തകർന്നതോടെ അപകടങ്ങളും വർധിച്ചുവരികയാണ്.
കഴിഞ്ഞ പ്രളയകാലത്താണ് പട്ടിമറ്റം ഭാഗത്ത് റോഡ് വിണ്ടു കീറി ഒരു വശം ഇടിഞ്ഞുതാണത്. അന്ന് ഏതാനും വീപ്പകൾ വെച്ച് ഒരുവശത്തെ ഗതാഗതം നിരോധിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും റോഡ് പുനർനിർമിക്കാനോ ഗതാഗതം പുനഃസ്ഥാപിക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും വീപ്പകൾ വെച്ച് ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
അധികൃതർ അടിയന്തിരമായി റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അപകടങ്ങൾ മുന്നിൽ കണ്ട് സഞ്ചാരയോഗ്യമാക്കമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.