കോട്ടയം: വിനോദ സഞ്ചാരികൾക്ക് നാട്ടിൻപുറങ്ങളിലെത്തി ഓണം ഉണ്ണാനും അതിനൊപ്പം നാട്ടിൻപുറത്തുള്ളവർക്ക് ഓണസമ്മാനങ്ങൾ വാങ്ങാനുമായി ഉത്തരവാദിത്വ ടൂറിസം മിഷൻ ഒരുക്കിയിരിക്കുന്ന പദ്ധതിയിൽ ജില്ലയിൽ ഇതിനോടകം 275 പേർ രജിസ്റ്റർ ചെയ്തു. പ്രളയത്തെ തുടർന്ന് താത്കാലികമായി രജിസ്ട്രേഷൻ നിർത്തിവച്ചത് കഴിഞ്ഞദിവസം വീണ്ടും പുനരാരംഭിച്ചു. വിനോദ സഞ്ചാരികൾക്കായി ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
2017ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ‘നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം’ എന്ന സ്പെഷൽ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പ്രോഗ്രാം. അന്നു മുതൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ കിട്ടിയിരുന്നത് കോട്ടയം ജില്ലയിൽ നിന്നാണ്. ഇത്തവണ ആകർഷകമായ മാറ്റങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താമസസൗകര്യം ഉൾപ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്.
സെപ്റ്റംബർ ഒന്നു മുതൽ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയിൽ നാലു തരം പാക്കേജുകളാണ് ഒരുക്കുന്നത്. 15 വയസ് വരെ പ്രായമുള്ള രണ്ടു കുട്ടികൾ അടക്കമുള്ള നാലംഗ കുടുംബത്തിന് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ഓണവിരുന്ന് താമസത്തോടൊപ്പം ഗ്രാമീണ സദ്യയും ഉൾപ്പടെയുള്ള പാക്കേജ്. അക്കോമൊഡേഷൻ യൂണിറ്റിന്റെ കാറ്റഗറി അനുസരിച്ചു 3,000 മുതൽ 8,500 രൂപയുടെ വരെയാണ് നിരക്ക്.
ഓണസദ്യയുടെ രുചി അറിയാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്കായി ഒരുക്കിയ പാക്കേജ്. പരന്പരാഗത രീതിയിലുള്ള ഓണ സദ്യയാണ് അതിഥികൾക്ക് നൽകുന്നത്. സദ്യ ഒന്നിന് 150 രൂപമുതൽ പരമാവധി 250 രൂപ വരെയാണ് നിരക്ക്.ഗ്രാമ യാത്രകളിലൂടെ പഴമയിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിക്കുന്ന പാക്കേജാണ് മറ്റൊന്ന്.
യാത്രയോടൊപ്പം ഓണസദ്യയും ഓണസമ്മാനങ്ങളും നൽകുന്നു. സ്വന്തം വാഹനം ഉപയോഗിക്കുന്ന 12 വയസ് വരെ പ്രായമുള്ള രണ്ടു കുട്ടികൾ അടക്കമുള്ള നാലംഗ കുടുംബത്തിന് 3000 രൂപയാണ് നിരക്ക്. ഇതിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ഓണം വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകളും ഉത്തരവാദിത്ത ടൂറിസം മിഷൻ തയാറാക്കിയിട്ടുണ്ട്.