മല്ലപ്പള്ളി: കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയുടെ ഭാഗമായ മല്ലപ്പള്ളി ഹൈസ്കൂൾപടി – പുല്ലാട് റോഡിന് അനുവദിച്ച കേന്ദ്ര റോഡ് ഫണ്ട് വിനിയോഗം വൈകുന്നു. തകർന്നു തരിപ്പണമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര തന്നെ ദുഃസഹമായിട്ടും ഇക്കാര്യത്തിൽ വേണ്ട നടപടികളെടുക്കുന്നതിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും വീഴ്ച വരുത്തുന്നതായി ആക്ഷേപം.
തിരക്കേറിയ പാതയിൽ ജലഅഥോറിറ്റി പൈപ്പ് ഇടീൽജോലികൾ നടത്തുകയും മഴക്കാലം ആരംഭിക്കുകയും കൂടി ചെയ്തതോടെയാണ് വാഹനയാത്ര ദുഷ്കരമായത്.റോഡ് വികസനത്തിനായി കേന്ദ്ര റോഡ് ഫണ്ടിൽ 15 കോടി രൂപയാണ് അനുവദിച്ചത്. 2016 നവംബർ അഞ്ചിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ.പി.ജെ. കുര്യൻ നൽകിയ നിവേദനത്തിന്റെ ഫലമായി അനുവദിച്ച പണമാണിത്.
2017ൽ റോഡ് നിർമാണത്തിന് അനുമതിയായി. ഫണ്ട് വിനിയോഗം പൂർത്തീകരിച്ച് കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകാനുള്ള സമയപരിധി അവസാനിച്ചു. കഴിഞ്ഞ ജനുവരി 19നു മുന്പായി നിർമാണം പൂർത്തീകരിക്കത്തക്ക രീതിയിൽ ടെൻഡർ നടപടികളും നടത്തിയിരുന്നു. എന്നാൽ കാലതാമസം ഉണ്ടായതോടെ ഇനി ദേശീയ പാത അഥോറിറ്റി റീ ടെൻഡറിലേക്ക് കടക്കണം.
സംസ്ഥാന ജലഅഥോറിറ്റി റോഡിലെ പഴയ പൈപ്പുകൾ മാറ്റി പുതിയതു സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുന്നുണ്ടെന്നറിയിച്ചതോടെയാണ് നിർമാണം വൈകിയത്. ജലഅഥോറിറ്റിയുടെ പൈപ്പ് ഇടീൽ പ്രക്രിയ അനന്തമായി വൈകിയതും റോഡ് കുളം തോണ്ടാൻ കാരണമായി. തിരക്കേറിയ പാത വെട്ടിപ്പൊളിച്ച് പൈപ്പ് ഇട്ടതോടെ യാത്രയും ദുഃസഹമായി മാറുകയായിരുന്നു.
നികത്തേണ്ട ജോലി പോലും ജലഅഥോറിറ്റി പൂർത്തീകരിച്ചിട്ടില്ല. അതിനുള്ള നടപടി ഇതുവരേയും എങ്ങുമെത്തിയിട്ടില്ല. എങ്കിൽ മാത്രമേ പൊതുമരാമത്ത് ദേശീയപാത അഥോറിറ്റിക്ക് റീടെൻഡർ ചെയ്യുവാൻ സാധിക്കുകയുള്ളൂ
പണികൾ വൈകിപ്പിക്കുന്നതിനു പിന്നിൽ രാഷ്ട്രീയമെന്ന് ആരോപണം
മല്ലപ്പള്ളി: രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ.പി.ജെ. കുര്യന്റെ സ്വാധീനത്തിൽ കേന്ദ്രസർക്കാരിൽ നിന്നും അനുവദിച്ച 15 കോടി രൂപ വിനിയോഗിച്ച് മല്ലപ്പള്ളി – പുല്ലാട് റോഡിന്റെ പണികൾ നടത്തില്ലെന്ന രാഷ്ട്രീയ പിടിവാശിയാണ് സംസ്ഥാന സർക്കാരിനും സ്ഥലം എംഎൽഎയ്ക്കുമെന്ന് കോണ്ഗ്രസ് ആരോപണം.
സംസ്ഥാന ജലവിഭവമന്ത്രി കൂടിയായായിരുന്ന സ്ഥലം എംഎൽഎ ബോധപൂർവം വരുത്തിയ കാലതാമസമാണ് നിർമാണപ്രവർത്തനം വൈകുന്നതെന്ന് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.ജി. സാബു (മല്ലപ്പള്ളി), ബോബൻ ജോണ് (പുറമറ്റം) എന്നിവർ ആരോപിച്ചു.
കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിയിടാൻ ഏറെ സമയമെടുത്തുവെന്നു മാത്രമല്ല, ചെയ്ത ജോലികൾ പൂർത്തീകരിക്കാൻ ഇപ്പോഴും ബന്ധപ്പെട്ട വകുപ്പു തയാറായിട്ടില്ല. എംഎൽഎ യാതൊരു ഇടപെടലും ഇക്കാര്യത്തിൽ നടത്തുന്നില്ലെന്നും കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.