കൊച്ചി: ബാങ്കുകളുടെ ഇന്റർനെറ്റ് സെർവർ തകരാറിൽ. ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാൻ കഴിയുന്നില്ലെന്നു വ്യാപാരികൾ. ഇന്നലെയായിരുന്നു ജിഎസ്ടിആർ ത്രീ ബി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന ദിനം.ഒരാഴ്ചയായി തുടരുന്ന ഇന്റർനെറ്റ് സെർവർ തകരാറുകൾ പരിഹരിക്കപ്പെടാതിരിക്കുന്നതിനാൽ അവസാന ദിവസമായ ഇന്നലെ ജിഎസ്ടിആർ ത്രീ ബി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിഞ്ഞില്ലെന്നാണു വ്യാപാരികൾ പറയുന്നത്.
അവസാന തീയതിക്കുശേഷം ഓരോ ദിവസവും 50 രൂപയും ആകെ നികുതിയുടെ ഒന്നര ശതമാനവുമാണ് ജിഎസ്ടി ഡിപ്പാർട്ട്മെന്റ് പിഴ ചുമത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ വഴിയാണ് 70 ശതമാനത്തോളം വ്യാപാരികൾ റിട്ടേണ്‍ സമർപ്പിക്കുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരിൽ പിഴ ചുമത്തുകയോ പലിശ ഈടാക്കുകയോ ചെയ്യുന്ന നടപടികൾ ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
ജിഎസ്ടി നിലവിൽ വന്ന വർഷം തന്നെ റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസാന ദിവസം കഴിഞ്ഞിട്ടും ജിഎസ്ടി നെറ്റ്വർക്ക് തകരാറുമൂലവും ബാങ്കിംഗ് സെർവർ തകരാർ മൂലവും നികുതി യഥാസമയം അടയ്ക്കാൻ കഴിയാത്ത വ്യാപാരികൾക്ക് 12,000 രൂപ വരെ പിഴ ചുമത്തി കൊണ്ടുള്ള ഡിമാൻഡ് നോട്ടീസുകൾ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുകയാണ്.
സർക്കാർ അടിയന്തരമായി ഇടപെട്ട് ഇത്തരം പിഴകൾ ഒഴിവാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.