മൂവാറ്റുപുഴ: നഗരത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നത് ഉപയോക്താക്കൾക്ക് ദുരിതമാകുന്നു. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപങ്ങളുടെയും പ്രവർത്തനം താറുമാറാക്കുന്ന വിധത്തിലാണ് വൈദ്യുതി തടസപ്പെടുന്നത്. ഓരോ മണിക്കൂറിലും നിരവധി തവണയാണ് വൈദ്യുതി മുടങ്ങുന്നത്. നേരത്തെ നഗരത്തിൽ അടിക്കടി വൈദ്യുതി തടസമുണ്ടാകുന്നതു വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതേത്തുടർന്നു വൈദ്യുതി തടസം പരിഹരിക്കാൻ 1.46 കോടി ചെലവഴിച്ച് നഗരത്തിൽ ഏരിയൽ ബഞ്ചഡ് കേബിൾ (എബിസി) സംവിധാനം ഒരുക്കിയിരുന്നു. ഇതിനായി നഗരത്തിലുടനീളം പ്രത്യേക കേബിളും വലിച്ചു. എബിസി സംവിധാനം നിലവിൽ വരുന്നതോടെ നഗരത്തിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന് അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
കൊടുംവേനലിൽ ദിവസങ്ങളോളം വൈദ്യുതി വിച്ഛേദിച്ചശേഷമായിരുന്നു നിർമാണ പ്രവൃത്തികൾ നടത്തിയത്. വൈദ്യുതി തടസത്തിനു ശാശ്വത പരിഹാരമാകുമെന്നതിനാൽ ജനങ്ങളും സഹകരിക്കുകയായിരുന്നു. പദ്ധതി നിലവിൽവന്ന ഏതാനും ദിവസത്തേക്ക് വൈദ്യുതി തടസം ഒഴിവായിരുന്നെങ്കിലും പിന്നീട് അടിക്കടി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന സ്ഥിതിയായിരുന്നു.
വൈദ്യുതി മുടക്കം പതിവാകുന്നത് നഗരത്തിലെ വ്യാപാര-വ്യവസായ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഉണ്ടാകുന്ന വൈദ്യുതി തടസം മൂലം ബേക്കറികൾ, കോൾഡ് സ്റ്റോറേജ്, ഭക്ഷണ ശാലകൾ എന്നിവയ്ക്കു വൻ നഷ്ടമാണുണ്ടാകുന്നത്. ഫ്രീസറുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നില്ലെന്നു വ്യാപാരികൾ പറയുന്നു.
വലിയ വ്യാപാര സ്ഥാപനങ്ങൾ ജനറേറ്ററുകൾ ഉപയോഗിച്ച് പിടിച്ചുനിൽക്കുന്പോൾ ചെറുകിട വ്യാപാരികളാണ് ബുദ്ധിമുട്ടുന്നത്. പലവട്ടം വൈദ്യുതി ബന്ധം തടസപ്പെടുന്നതുമൂലം ശീതീകരണ ഉപകരണങ്ങളും മറ്റ് വൈദ്യുത ഉപകരണങ്ങളും തകരാറിലാകുന്നതും നിത്യസംഭവമാണ്. നഗരത്തിൽ ഒരു ദിവസം 20 തവണവരെ വൈദ്യുതി തടസപ്പെടുന്നുവെന്നു വ്യാപാരികൾ പറയുന്നു.
മാറാടിയിൽ സബ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായാൽ എല്ലാ വൈദ്യുതി പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞെങ്കിലും നഗരത്തിലെ വൈദ്യുത പ്രശ്നത്തിനു പരിഹാരമായിട്ടില്ല. ഗ്രാമപ്രദേശങ്ങളിലും വൈദ്യുതി തടസപ്പെടുന്നത് പതിവായിരിക്കുകയാണ്. രാത്രിയിൽ വൈദ്യുതി നിലച്ചാൽ പിറ്റേദിവസമാണ് പലപ്പോഴും പുനഃസ്ഥാപിക്കപ്പെടുന്നത്. ഇതുമൂലം മോഷണവും സാമൂഹ്യവിരുദ്ധശല്യവും വർധിക്കുമെന്ന ഭീതിയും ജനങ്ങൾക്കിടയിലുണ്ട്.