ദുബായ്: നെറ്റ്ഫ്ളിക്സ് വെബ്സീരീസായ സേക്രഡ് ഗെയിംസിന്റെ പേരിൽ പുലിവാലു പിടിച്ചു യുഎഇയിലെ പ്രവാസി മലയാളി. ഈ മാസം പതിനഞ്ചിനു പരന്പരയുടെ രണ്ടാം സീസണ് റിലീസ് ചെയ്തതോടെയാണു കുഞ്ഞബ്ദുള്ളയുടെ കഷ്ടകാലവും തുടങ്ങിയത്.
തലങ്ങും വിലങ്ങും വിളി വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ താൻ അധോലോക നായകൻ “സുലൈമാൻ ഈസയായി മാറിയെന്ന നഗ്ന സത്യം’ കുഞ്ഞബ്ദുള്ള തിരിച്ചറിയുകയായിരുന്നു. സേക്രഡ് ഗെയിംസ് പരന്പരയിൽ അധോലോക നായകൻ സുലൈമാൻ ഈസയുടെ ഫോണ് നന്പറായി കാണിച്ചത് കുഞ്ഞബ്ദുള്ളയുടെ നന്പരാണ്. ഇതാണു കുഞ്ഞബ്ദുള്ളയ്ക്കു പാരയായത്.
സേക്രഡ് ഗെയിംസ് സീരിസിനെ പറ്റി താൻ കേട്ടിട്ടു പോലുമില്ല. എന്നിട്ടും മൂന്നു ദിവസമായി വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ വിളികൾ വരുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ ജോലിയെടുക്കുന്നയാളാണു താൻ. ഇത്തരം കാര്യങ്ങൾക്കു തനിക്കു സമയമില്ല. ഇപ്പോൾ ഫോണ് ബെല്ലടിച്ചു തുടങ്ങുന്പോൾ ഭയമാണെന്നും ഷാർജയിൽ എണ്ണക്കന്പനി ജീവനക്കാരനായ കുഞ്ഞബ്ദുള്ള ഗൾഫ് ന്യൂസിനോടു പറഞ്ഞു.
ഞായറാഴ്ച മാത്രം തനിക്കു കിട്ടിയതു 30 ഫോണ് വിളികളാണെന്നും ഈസയ്ക്കു ഫോണ് കൊടുക്കുമോ എന്നാണു പലരും ചോദിക്കുന്നതെന്നും കുഞ്ഞബ്ദുള്ള പറയുന്നു. വിളികൾ നിലയ്ക്കാത്ത സാഹചര്യത്തിൽ ഈ ഫോണ് നന്പർ തന്നെ ഉപേക്ഷിക്കാനാണു കുഞ്ഞബ്ദുള്ളയുടെ തീരുമാനം.
പരന്പരയിൽ ഈസയുടെ നന്പർ എന്നു പറഞ്ഞു മറ്റൊരു കഥാപാത്രം കൈമാറുന്ന കടലാസ് തുണ്ടിലാണ് കുഞ്ഞബ്ദുള്ളയുടെ നന്പറുള്ളത്. കടലാസ് തുണ്ടിൽ നന്പർ കാണിക്കുന്നില്ല. എന്നാൽ, അതു കൈമാറുന്ന സമയത്ത് സ്ക്രീനിൽ സബ്ടൈറ്റിലായി ഫോണ് നന്പർ എഴുതി കാണിക്കുന്നുണ്ട്.
സംഭവം വാർത്തയായതോടെ മാപ്പു പറഞ്ഞു നെറ്റ്ഫ്ളിക്സ് രംഗത്തെത്തി. പരന്പരയുടെ സബ്ടൈറ്റിലിൽനിന്നു ഫോണ് നന്പർ ഒഴിവാക്കാൻ നിർദേശം നൽകിയതായി നെറ്റ്ഫ്ളിക്സ് അറിയിച്ചു.