എടക്കര: മാജിക്കുകൊണ്ടാരു വീടുണ്ടാക്കിത്തരുമോയെന്നു ചോദിക്കാനായിരുന്നു ആശിച്ചത്. എന്നാൽ, മജീഷ്യന്റെ മുന്നിൽ ഒന്നും പറയാനായില്ല. വാക്കുകൾ കിട്ടാതെ നന്ദു വിവശനായി. കവളപ്പാറ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നന്ദുവെന്ന വിനയചന്ദ്രന്റെ വാക്കുകളാണിത്.
ഭൂദാനം ക്യാന്പിലെ പരിപാടിക്കു ശേഷം നന്ദുവിനെ ചേർത്തു നിർത്തി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്തു വേണമെന്നു ചോദിച്ചു. എന്നാൽ, നന്ദുവിനു ഒന്നും പറയാനായില്ല. അവസാനം ഒന്നും വേണ്ടെന്നു പറഞ്ഞു. മുത്തപ്പൻകുന്നിലെ ഉരുൾപൊട്ടലിൽ നന്ദുവിന്റെ അച്ഛൻ വിജേഷ്, സഹോദരി വിഷ്ണുപ്രിയ, വിജേഷിന്റെ അമ്മ കല്യാണി, കല്യാണിയുടെ അമ്മ ചക്കി, വിജേഷിന്റെ സഹോദരൻ സന്തോഷ്, സഹോദരിമാരായ വിജയലക്ഷ്മി, സുനിത, ശ്രീലക്ഷ്മി തുടങ്ങി എട്ടു പേരാണ് നഷ്ടമായത്.
രണ്ടു വീടുകളിലായിരുന്നു ഇവരുടെ താമസം. വിജേഷ്, ഭാര്യ സൗമ്യ, മക്കളായ വിഷ്ണുപ്രിയ, നന്ദു എന്നിവരാണു വേറെ താമസിച്ചിരുന്നത്. മറ്റുള്ളവർ തറവാട് വീട്ടിലും. അരിവാൾ രോഗബാധിതനായ നന്ദുവിനു കഴിഞ്ഞ നാലിനു കടുത്ത ശരീര വേദനയുണ്ടാകുകയും പുലർച്ചെ രണ്ടോടെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നന്ദുവിനെ അഡ്മിറ്റാക്കിയതിനെത്തുടർന്നു സൗമ്യയാണ് കൂടെ നിന്നിരുന്നത്.
ദുരന്തം സംഭവിക്കുന്പോൾ ഇവർ നിലന്പൂർ ആശുപത്രിയിലായിരുന്നു. അതിനാൽ രക്ഷപ്പെട്ടു. എന്നാൽ, ബാക്കിയുള്ളവരെയെല്ലാം ഇവർക്കു നഷ്ടമായി. വിജേഷിന്റെ സഹോദരൻ സുനീഷ് തിരുവനന്തപുരത്ത് നൂൽപുട്ട് കന്പനിയിലായിരുന്നതിനാൽ അദ്ദേഹവും രക്ഷപ്പെട്ടു.
ദുരന്തം നടന്നതിന്റെ പിറ്റേന്നാണ് ഉറ്റവർ നഷ്ടപ്പെട്ട വിവരം നന്ദുവും അമ്മ സൗമ്യയും അറിയുന്നത്. ഉടൻതന്നെ കവളപ്പാറയിലെത്തി. പൂളപ്പാടം മദ്രസയിലെ ക്യാന്പിലായിരുന്നു കഴിഞ്ഞ ദിവസം വരെ. അവിടെ ക്യാന്പ് പരിച്ചുവിട്ടപ്പോൾ ഭൂദാനം സെന്റ് ജോർജ് ദേവാലയത്തിലെ ക്യാന്പിലേക്കു മാറി.
വിജേഷ്, വിഷ്ണുപ്രിയ, കല്യാണി, ചക്കി, സന്തോഷ്, ശ്രീലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങൾ ദുരന്ത ഭൂമിയിൽനിന്നു കണ്ടെടുക്കാനായി. വിഷ്ണുപ്രിയ ഭൂദാനം എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. നന്ദു ഞെട്ടിക്കുളം എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
അച്ഛനും സഹോദരിയും ബന്ധുക്കളും എല്ലാം നഷ്ടപ്പെട്ട വേദന നന്ദുവിനെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കൗണ്സിലേഴ്സിന്റെ നിരന്തര പരിശ്രമം നന്ദുവിനെ പുതുജീവിതത്തിലേക്കു നയിക്കുന്നുണ്ട്.