തിരുവനന്തപുരം: സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം സമൂഹത്തിന്റെ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമെന്നു മന്ത്രി കെ.കെ. ശൈലജ. സർക്കാർ പൊതുമേഖലാ തലത്തിൽ സ്ത്രീകൾ ഡ്രൈവർമാരായി സേവനമനുഷ്ഠിക്കുന്നതിന് തടസമില്ലെന്നും ഇവിടങ്ങളിലെ തസ്തിക പുരുഷൻമാർക്ക് മാത്രമായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും ശൈലജ പറഞ്ഞു.
കേരളത്തിലെ ജനസംഖ്യയിൽ 51.4 ശതമാനം വനിതകളാണ്. എന്നാൽ വിവേചനങ്ങളിൽ നിന്നും സ്ത്രീകൾക്ക് പൂർണമായും മോചനം ലഭിക്കുന്നതിനോ നിയമങ്ങൾ നൽകുന്ന സംരക്ഷണം പോലും പൂർണമായി അനുഭവിക്കുന്നതിനോ അവർക്കിനിയും കഴിഞ്ഞിട്ടില്ല. ഈ സർക്കാർ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചതോടെ വലിയ മാറ്റമാണുണ്ടായത്.
സർക്കാർ, പൊതുമേഖലാ തലത്തിൽ സ്ത്രീകൾ ഡ്രൈവർമാരായി സേവനമനുഷ്ഠിക്കുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ബസുകൾ ഉൾപ്പെടെ ഡ്രൈവിംഗ് മേഖലയിൽ എല്ലാത്തരം വാഹനങ്ങളും സ്ത്രീകൾ ഓടിക്കുന്നുണ്ട്. അവർക്ക് അതിനുള്ള പ്രാപ്തിയും വിശ്വാസവുമുണ്ട്. അതിനാൽ തന്നെ സർക്കാർ, പൊതുമേഖലാ തലത്തിൽ ഡ്രൈവർ തസ്തിക പുരുഷൻമാർക്ക് മാത്രമായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾ ഓഫീസ് വാഹനം ഓടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപാകതകളൊന്നുമില്ല. അതിനാലാണ് സർക്കാർ പൊതുമേഖലാ സർവീസിലെ മറ്റ് തസ്തികകൾ പോലെ തന്നെ ഡ്രൈവർ തസ്തികയിലും സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും ജോലി ചെയ്യുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നത്.
ഇത്തരത്തിൽ ലിംഗ വിവേചനത്തിനെതിര ധീരമായ കാൽവയ്പ്പ് നടത്തുന്നത് സമൂഹത്തിൽ ലിംഗനീതി നടപ്പിലാക്കുവാനും സമൂഹത്തിന്റെ ഉയർച്ചക്കും സഹായകരമാകും. മാത്രമല്ല, സമൂഹത്തിൽ സ്ത്രീകളോടുള്ള പൊതു കാഴ്ചപ്പാടിലും മാറ്റം വരുത്താൻ ഇതുമൂലം കഴിയുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെയും ഡ്രൈവർമാരാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ കരടു ഭേദഗതി ചട്ടം പിഎസ്സി അംഗീകരിക്കണം. തുടർന്നു ചട്ടം ഭേദഗതി ചെയ്തു സർക്കാർ വിജ്ഞാപനം ഇറക്കും. തുടർന്നുള്ള തൊഴിൽ വിജ്ഞാപനങ്ങളിൽ വനിതകളെക്കൂടി ഉൾപ്പെടുത്തി ഈ തസ്തികയിൽ അപേക്ഷ സ്വീകരിക്കാം.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം അഗ്നിശമന സേനയിൽ വനിതകൾക്കായി ഒരുവിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. പോലീസിൽ വനിതകൾക്ക് മാത്രമായി ഒരു ബറ്റാലിയൻ യാഥാർഥ്യമാക്കി. കഐസ്ആർടിസിയിൽ വനിതാ ഡ്രൈവർ നിലവിലുണ്ട്. പിങ്ക് പോലീസ് വാഹനങ്ങൾ വനിതകളാണ് ഓടിക്കുന്നത്.