ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സിനിമ സംഘം ഷൂട്ടിംഗിനായി ചത്രുവിൽ നിന്നു മണാലിയിലേക്കു തിരിച്ചു. എന്നാൽ, ഛത്രുവിൽ നിന്നു പുറപ്പെടുന്നതിന് മുൻപ് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം അപകട സാധ്യതയുള്ള സ്ഥലത്തു തുടർന്നാൽ മതിയെന്നാണ് മാണ്ടി ജില്ലാ ഭരണകൂടം ഇവരെ അറിയിച്ചിരുന്നത്.
സനൽ കുമാർ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായി മഞ്ജുവാര്യർ ഉൾപ്പെടെ 35 അംഗ സംഘമാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ മൂലം ഛത്രുവിൽ ഒറ്റപ്പെട്ടുപോയ ഇവരുടെ രക്ഷയ്ക്കായ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നു.
റോഡുകൾ പൂർണമായും തകർന്നതിനാൽ ഇവർക്കു ബേസ് ക്യാന്പായ കോക്സാറിലേക്ക് ഇന്നലെ എത്തിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ഇന്നലെ റോഡ് ഗതാഗതം പുനസ്ഥാപിച്ചതായി ജില്ലാ അധികൃതർ അറിയിച്ചപ്പോൾ തങ്ങൾ ഷൂട്ടിംഗ് തുടരുകയാണെന്നും അവിടെ നിന്നു മണാലിയിലേക്കു പോകുകയാണെന്നുമാണ് ഇവർ അറിയിച്ചത്.
രണ്ടു ദിവസത്തെ ഷൂട്ടിംഗ് ഷിംലയിൽ ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയ ശേഷം ഷിംലയിൽ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങുമെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി ഇവർ ഹിമാചൽ പ്രദേശിലുണ്ടായിരുന്നു. നാലു ദിവസം മുൻപാണ് ഛത്രുവിലേക്ക് തിരിച്ചത്. ഷിംലയിൽ നിന്ന് 330 കിലോമീറ്റർ ദൂരത്താണ് ഛത്രു.
സിനിമ സംഘമെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് പ്രദേശത്ത് മഴ ശക്തിപ്പെട്ടു. തുടർന്ന് ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഛത്രുവിലേക്കുള്ള വഴി തടസപ്പെട്ടു. ഇവിടേക്കുള്ള ആശയവിനിമയോപാധികളെല്ലാം തകരാറിലായി. ഒടുവിൽ ഒരു സാറ്റലൈറ്റ് ഫോണിലൂടെയാണ് മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ വിളിക്കുന്നത്. അടിയന്തരമായി എന്തെങ്കിലും സഹായമെത്തിക്കാനാകുമോ എന്നറിയാനായിരുന്നു ഫോണ് കോൾ. സാധാരണ ഫോണുൾപ്പടെയുള്ള എല്ലാ വിനിമയസംവിധാനങ്ങളും തടസപ്പെട്ട നിലയിലായിരുന്നു.
ഷൂട്ടിംഗ് സംഘത്തിന്റെ കൈയിൽ നിന്നും സ്വന്തം ഉത്തരവാദിത്തത്തിലാണ് സ്ഥലത്ത് തുടരുന്നതെന്ന് ജില്ലാ ഭരണകൂടം രേഖമൂലം എഴുതി വാങ്ങിയിട്ടുണ്ട്. തങ്ങൾക്ക് എന്തു തന്നെ സംഭവിച്ചാലും ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്തമില്ലെന്നാണ് ഷൂട്ടിംഗ് സംഘത്തിലെ ഗഗൻ റാം രേഖമൂലം പോലീസിനും എഴുതി നൽകിയിരിക്കുന്നത്.
അപകട മുന്നറിയിപ്പ് അവഗണിച്ചും ദുരന്ത സ്ഥലത്ത് തുടർന്നതാണ് ഷൂട്ടിംഗ് സംഘം പ്രളയത്തിൽ കുടുങ്ങാൻ ഇടയാക്കിയതെന്ന് ഹിമാചൽ പ്രദേശ് കൃഷി മന്ത്രി റാം ലാൽ മാർഖണ്ഡേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.സനൽ കുമാർ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് മഞ്ജു വാര്യർ ഉൾപ്പെട്ട സംഘം ഹിമാചൽ പ്രദേശിലെത്തിയത്.