തലശേരി: മകളെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിക്കു മുന്നിൽ ആ അച്ഛൻ പൊട്ടിക്കരഞ്ഞു. ജീവനൊടുക്കുന്നതിന് മുമ്പ് തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അമ്മയ്ക്ക് വാട്സ് ആപ്പിലൂടെ ” ജീവിക്കാൻ കൊതിയുണ്ട്. പക്ഷേ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എന്നെ വേണ്ട. സഹിക്കാനാവുന്നില്ല ഉമ്മാ… ഇനിയൊരു വിവാഹമോ മറ്റൊരാളുടെ മുന്നിൽ തന്റെ ശരീരം കാഴ്ചവയ്ക്കാനോ കഴിയില്ല…’ എന്ന് തുടങ്ങി മുന്നുതവണ അമ്മയ്ക്ക് മുത്തം നൽകിക്കൊണ്ട് മകൾ അയച്ച വോയ്സ് മെസേജ് കേട്ട് ഉദ്യാഗസ്ഥരുടെ കണ്ണ് നിറഞ്ഞു. പിന്നെ താമസിച്ചില്ല ബിരുദധാരിയായ ഇരുപത്തിമൂന്നുകാരിയെ മരണത്തിലേക്ക് തള്ളിവിട്ടവർ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായി.
498 എ വകുപ്പു പ്രകാരം അറസ്റ്റിലായ പെൺകുട്ടിയുടെ ഭർത്താവ് പാറാൽ ബൈത്തുല്ദയാലില് മുഹമ്മദ് സഹീര്‍ (28), ഭർതൃപിതാവ് അബൂബക്കര്‍ സിദ്ധിഖ് (57) എന്നിവരെ തലശേരി ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിനു മുന്നിൽ ഫിദയുടെ അച്ഛൻ നെട്ടൂര്‍ ചിറമ്മല്‍ കുന്നുമ്മല്‍ക്കണ്ടി വീട്ടില്‍ അഷ്റഫ് പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ സങ്കടങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. ഫിദ കഴിഞ്ഞമാസം രണ്ടിനാണ് കോടിയേരി പപ്പന്റെപീടികയ്ക്കടുത്ത താമസസ്ഥലത്ത് തൂങ്ങിമരിച്ചത്.
മൂന്നു പെൺകുട്ടികളാണ് അഷ്റഫിനുള്ളത്. മുഹമ്മദ് സഹീർ തലശേരി സഹകരണ ആശുപത്രിയിൽ വച്ചാണ് ഫിദയെ ആദ്യം കാണുന്നത്.നിർധന കുടുംബത്തിലെ അംഗമായ ഫിദയോട് വിവാഹ അഭ്യർഥനയുമായി സഹീർ പുറകെ കൂടി. പിതാവ് പറയുന്നയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് ഫിദ സഹീറിനെ അറിയിച്ചു.
തുടർന്ന് സഹീർ വീട്ടിൽ ഫിദയുടെ കാര്യം പറയുകയും വീട്ടുകാർ ഫിദയെ കാണാൻ പോകുകയും ചെയ്തു. എന്നാൽ നിർധന കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിനെ സഹീറിന്റെ കുടുംബം എതിർത്തു. പിന്നീട് സഹീറിന്റെ സമ്മർദ്ദത്തെ തുടർന്ന് വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം വിവാഹം നടക്കുകയും ചെയ്തു.
ബുദ്ധിമുട്ടുകൾക്കിടയിലും 50 പവൻ ആഭരണങ്ങൾ അഷറഫ് മകൾ ഫിദക്ക് വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സഹീർ ജേഷ്ഠന്റെ കൈയിൽ നിന്ന് മൂന്നരലക്ഷം രൂപ കടം വാങ്ങിയാണ് വിവാഹ ചിലവുകൾ നടത്തിയത്.
തുക തിരിച്ചു നൽകിയില്ലെന്ന് പറഞ്ഞ് ജേഷ്ഠന്റെ ഭാര്യയും ഫിദയെ മാനസികമായി പീഡിപ്പിച്ചതായും ഗതികെട്ട് ഫിദ പിതാവ് സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ വിറ്റ് ജേഷ്ഠന്റെ പണം തിരിച്ച് നൽകിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോൾ തന്നെ സഹീർ മദ്യപിച്ച് വീട്ടിലെത്തുകയും ഫിദയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതായും പോലീസ് പറഞ്ഞു. മാത്രമല്ല ഫിദയുടെ നവജാതശിശുവിന്റെ മരണത്തിന് ജേഷ്ഠസഹോദരിയാണ് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടുന്ന ഫിദയുടെ ഡയറി കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.