ഗാന്ധിനഗർ: പോലീസ് മർദിച്ചെന്ന് മജിസ്ട്രേട്ടിനോട് പരാതി പറഞ്ഞയാളുടെ പരിക്ക് വാഹനാപകടം മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ പോലീസിനെതിരേ കള്ള ആരോപണം ഉന്നയിച്ചുവെന്ന് വ്യക്തമായി. പീരുമേട് സബ് ജയിലിൽ നിന്നും കൊണ്ടുവന്ന വെള്ളത്തൂവൽ തേങ്ങാപ്പാറ പുതുവീട്ടിൽ സണ്ണി തോമസാണ് (38) മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനാലാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്.
കട്ടപ്പന പോലീസ് മർദിച്ചെന്നാണ് സണ്ണി പീരുമേട് കോടതിയിൽ പരാതിപ്പെട്ടത്. ഇതോടെ മജിസ്ട്രേട്ട് ഇയാളെ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി വിട്ടു. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജിൽ എത്തിച്ച സണ്ണിയെ വിവിധ പരിശോധനകൾക്കു വിധേയമാക്കിയ ശേഷം ഡോക്ടർമാരാണ് ഇയാൾക്ക് പോലീസ് മർദനമേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയത്. വാഹനാപകടത്തിൽ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
സണ്ണിയിൽ നിന്നു ഭാര്യയും മൂന്നു കുട്ടികളും അകന്നു കഴിയുകയായിരുന്നു. പശുപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ഭാര്യയ്ക്കൊപ്പമാണ് കുട്ടികൾ. കഴിഞ്ഞ ദിവസം സണ്ണി ഭാര്യയെ മർദ്ദിച്ച ശേഷം കുട്ടികളെ മൂന്നു പേരെയും ഒരു കാറിൽതട്ടിക്കൊണ്ടു പോയി. ഭാര്യ വിവരം കട്ടപ്പന പോലീസിൽ അറിയിച്ചു. തുടർന്ന് എസ്ഐയു ടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ചിയാർ ഭാഗത്ത് കാത്തുനിൽക്കുന്പോൾ അമിത വേഗത്തിൽ വന്ന കാർ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ കാർ ഇടിപ്പിക്കുവാൻ ശ്രമിച്ച് സണ്ണി രക്ഷപ്പെട്ടു. പിന്നീട് അമിത വേഗത്തിൽ പാഞ്ഞു പോയ കാർ പോലീസ് പിൻതുടർന്നു.
കുറച്ച് ദൂരം പിന്നിട്ടപ്പോൾ കാർ റോഡ് സൈഡിലെ ഇലക്്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു. കാറിനുള്ളിലുണ്ടായിരിന്ന കുട്ടികൾ കൂട്ടക്കരച്ചിലിലായിരുന്നു. സണ്ണിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും എസ് ഐയേയും പോലീസുകാരെയും ആക്രമിച്ച ഓടി രക്ഷപെടുവാൻ ശ്രമിച്ചു. ഈ സമയം കുട്ടികളെ മൂന്നു പേരേയും പോലീസ് വാഹനത്തിൽ കയറ്റിസുരക്ഷിമായി ഇരുത്തിയ ശേഷം മറ്റ് പോലീസുകാർ എല്ലാവരും ചേർന്ന് ് സണ്ണിയെ പിടികൂടി കട്ടപ്പന സ്റ്റേഷനിലെത്തിച്ചു. വിവരം അറിഞ്ഞ് കട്ടപ്പന ഡിവൈഎസ്പി രാജ്മോഹൻ സ്ഥലത്തെത്തി.
പിന്നീട് സണ്ണിയുടെ ഭാര്യയെ കൊണ്ടുവന്ന് കുട്ടികളെ അവർക്കൊപ്പം പറഞ്ഞു വിട്ടു. സണ്ണിക്കെതിരെ ഒൗദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിനും 333,308 വകുപ്പ് ചേർത്ത് കേസെടുത്ത ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി.
കോടതിയിൽ ഇയാൾ പോലീസ് മർദ്ദിച്ചെന്നാരോപണം ഉന്നയിച്ചതിനാൽ ചികിത്സയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചിനാണ് പോലീസ് സണ്ണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
അൾട്രാസ് കാനിംഗ്, സി.റ്റി.സ്കാനിംഗ് എന്നിവയ്ക്ക് വിധേയമാക്കിയ ശേഷം രാത്രി 10 ന് ആശുപത്രി ജനറൽ സർജറി വാർഡിലേക്ക് മാറ്റി. അൾട്രാസ് കാനിംഗിൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും, ശരിരത്തിൽ മർദ്ദമേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോ കാണുന്നില്ലെന്നും എന്നാൽ വാഹന അപകടത്തിൽ വാരിയെല്ല് പൊട്ടുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഡോക്ടർമാർ അറിയിച്ചു.