വെല്ലിംഗ്ടണ്‍: പിതാവ് പാർലമെന്റിൽ പ്രസംഗിക്കുന്പോൾ കുഞ്ഞിനെ പരിചരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തു സ്പീക്കർ. ന്യൂസിലൻഡ് പാർലമെന്റ് അംഗമായ ടമാറ്റി കൊഫേയുടെ കുഞ്ഞിനെയാണു സഭാ ചർച്ചയ്ക്കിടെ സ്പീക്കർ ട്രെവർ മല്ലർഡ് പാലുകൊടുത്തു പരിചരിച്ചത്.
സ്പീക്കർ തന്നെയാണ് ഇതിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. സാധാരണ സ്പീക്കറുടെ കസേരയിൽ അധ്യക്ഷത വഹിക്കുന്നവർ മാത്രമേ ഇരിക്കാറുള്ളൂ. പക്ഷെ ഇന്ന് ഒരു വിഐപി ഈ കസേര എനിക്കൊപ്പം പങ്കുവച്ചു. ടമാറ്റി കൊഫേക്കും ടിമ്മിനും ആശംസകൾ എന്നു പറഞ്ഞായിരുന്നു സ്പീക്കറുടെ ട്വീറ്റ്.
പാർലമെന്റ് അംഗമായ ടമാറ്റി കൊഫേ സ്വവർഗാനുരാഗിയാണ്. തന്റെ പങ്കാളിയായ ടിം സ്മിത്തിനൊപ്പം ഗർഭപാത്രം വാടകയ്ക്കെടുത്താണു ദന്പതികൾ കുഞ്ഞിനു ജൻമം നൽകിയത്. പിതാവിനുള്ള പ്രസവ ശുശ്രൂഷ അവധിയിൽനിന്നു കൊഫേ പാർലമെന്റിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെയാണ് ഈ സംഭവത്തിനു സഭ സാക്ഷ്യം വഹിച്ചതെന്നതും ശ്രദ്ധേയം.
ഐക്യരാഷ്ട്രസഭയിൽ കുഞ്ഞിനെയുമേന്തി പ്രസംഗിക്കുന്ന ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേനിന്റെ ചിത്രം ഏറെ പ്രശസ്തി നേടിയിരുന്നു. പാർലമെന്റിൽ കുഞ്ഞിനെ മുലയൂട്ടി ഓസ്ട്രേലിയൻ സെനറ്റർ ലാരിസ വാട്ടേഴ്സും വാർത്തകളിൽ ഇടംപിടിച്ചു.