കോഴിക്കോട്: ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് വെളിച്ചെണ്ണ വിപണിയില്‍ വ്യാജന്മാര് പിടിമുറുക്കിയ സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. ഓരോ ജില്ലകളിലും നടത്തുന്ന പരിശോധനയില്‍ പിടിച്ചെടുത്ത വെളിച്ചെണ്ണകള്‍ റീജണല്‍ അനലറ്റിക് ലാബില്‍ പരിശോധിക്കുകയും മായംകലര്ന്നതാണെന്ന് കണ്ടെത്തിയാല്‍ നിരോധിക്കുകയമാണ് ചെയ്യാറുള്ളത്.
അതേസമയം പരിശോധനാ ഫലത്തിന് പലപ്പോഴും കാലതാമസവും നേരിടാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഓണത്തിനായി വിപണിയിലിറക്കിയ വെളിച്ചെണ്ണയില്‍ ഏതെങ്കിലും ബ്രാന്‍ഡുകളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അടിയന്തിരമായി പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ആവശ്യം. ഓണത്തിന് മുമ്പ് തന്നെ മായം കലര്‍ന്ന ബ്രാന്‍ഡുകള്‍ നിരോധിക്കുകയും അവയുടെ വില്‍പ്പന തടയുകയും ചെയ്യാനാണ് തീരുമാനം.
ഇതേതുടര്‍ന്ന് പരിശോധന വേഗത്തിലാക്കാന്‍ ലബോറട്ടറി മേധാവികളോട് ഭക്ഷ്യസുരക്ഷാവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് 1000 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഒന്‍പത് ബ്രാന്‍ഡുകള്‍ പിടികൂടിയതില്‍ മൂന്ന് ബ്രാന്‍ഡുകളുടെ വില്പന നേരത്തെ തന്നെ നിരോധിച്ചതായിരുന്നു.
മറ്റുള്ള ആറു ബ്രാന്‍ഡുകളുടെ പരിശോധന വേഗത്തിലാക്കാനാണ് ആവശ്യപ്പെട്ടത്. നിലവില്‍ ആയില്യം, സൂര്യ, കേരാ റാണി എന്നീ ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകള്‍ നിരോധിച്ചിട്ടുണ്ട്. വേങ്ങേരിയിലെ വീട് കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ മായംകലര്‍ന്ന വെളിച്ചെണ്ണ കോഴിക്കോട്ടെ വിപണിയില്‍ എത്തിക്കുന്നത്.
ലേബലില്‍ തേങ്ങയുടേയോ തെങ്ങിന്റേയോ ചിത്രം പതിച്ച് വില്പന നടത്തുകയാണ് പതിവെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളില്‍ ഇത്തരത്തിലുള്ള വെളിച്ചെണ്ണകള്‍ വില്പനക്കായി എത്തിച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.