മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ മുക്കം വെന്റ് പൈപ്പ് പാലവും പാലക്കടവത്ത് തൂക്കുപാലവും അപകടാവസ്ഥയിലായി. രണ്ട് പാലങ്ങളും പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും അധികൃതർക്കു നിസ്സംഗതയെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേ സമയം കൊടിയത്തൂർ ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയോട്ടിൽ കടവ് തൂക്കുപാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഗതാഗതയോഗ്യമാക്കി .
മൂന്നു കരകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള മുക്കം കടവ് പാലം വന്നതോടെ ഇതിനോടു ചേർന്ന വെന്റ് പൈപ്പ് പാലവും കണ്ണെത്തും ദൂരത്തുള്ള തൂക്കുപാലവും ഉപയോഗ ശൂന്യമാവുകയായിരുന്നു. അതേ സമയം പാലങ്ങൾ രണ്ടും പുഴ ഗതി മാറി ഒഴുകാൻ കാരണമാവുകയും ഇതുമൂലം തീരങ്ങൾ ഇടിയുകയും വീടുകൾക്കു ഭീഷണിയാവുകയും ചെയ്യുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും 2018-ലെ പ്രളയത്തിലും ഏറ്റവും കൂടുതൽ കരയിടിച്ചിലുണ്ടായത് ഈ രണ്ടു പാലങ്ങൾക്കിടയിലാകും.
വെന്റ് പൈപ്പ് പാലത്തിന്റെ രണ്ടറ്റവും തകർന്നു കഴിഞ്ഞു. ഇതിനു തൊട്ടു താഴെയാണ് മുക്കംകടവ് പാലം. അപകടങ്ങളും അത്യാഹിതങ്ങളും മുന്നിൽ കണ്ട്, പാലങ്ങൾ പൊളിച്ചു നീക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചതാണ്. പക്ഷേ തീരുമാനം നടപ്പിലാക്കാൻ ഭരണ നേതൃത്വം തയ്യാറാകാത്തതാണ് വ്യാപകമായ കരയിടിച്ചിലിനും സമീപവാസികളുടെ ഭീതി തുടരാനും കാരണം.
തൂക്കുപാലത്തിന്റെ കമ്പികൾ മാത്രമാണ് അവശേഷിക്കുന്നത്. കുത്തൊഴുക്കു തുടരുന്ന സാഹചര്യത്തിൽ രണ്ടു പാലങ്ങളും എത്രയും വേഗം പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.