നോർത്ത് സൗണ്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കൂട്ടത്തകർച്ച ഒഴിവാക്കി ഇന്ത്യ. മഴ കളി തടസപ്പെടുത്തിയ ആദ്യ ദിനത്തിൽ സ്റ്റന്പെടുക്കുന്പോൾ 203/6 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (20), രവീന്ദ്ര ജഡേജ (3) എന്നിവരാണു ക്രീസിൽ.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മായങ്ക് അഗർവാളും കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. തുടക്കം മോശമായതോടെ 25/3 എന്ന നിലയിലേക്ക് ഇന്ത്യ വീണു. മായങ്ക് അഗർവാൾ (5) ചേതേശ്വർ പുജാര (2) വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായത്. മായങ്കിനെയും പുജാരയെയും കെമർ റോച്ച് വീഴ്ത്തിയപ്പോൾ കോഹ്ലി ഷാനൻ ഗബ്രിയേലിന് ഇരയായി.
ഇതിനു ശേഷം ഒത്തുചേർന്ന കെ.എൽ. രാഹുലും അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇന്ത്യ നൂറിലേക്ക് അടുക്കുന്നതിനിടെ രാഹുലിനെ പുറത്താക്കി റോസ്റ്റണ്‍ ചേസ് കൂട്ടുകെട്ട് പൊളിച്ചു. 44 റണ്‍സായിരുന്നു രാഹുലിന്റെ നേട്ടം. ഗനുമ വിഹാരിക്കൊപ്പം ഇന്നിംഗ്സ് കെട്ടിപ്പടുത്ത രഹാനെ ഇന്ത്യയെ 150 കടത്തി. ടീം സ്കോർ 175-ൽ നിൽക്കെ വിഹാരി (32) യെ പുറത്താക്കി റോച്ച് വീണ്ടും ഇന്ത്യക്കു തിരിച്ചടി നൽകി.
സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന രഹാനെയായിരുന്നു വിൻഡീസിന്റെ അടുത്ത ഇര. വ്യക്തിഗത സ്കോർ 81-ൽ നിൽക്കെ ഗബ്രിയേൽ രഹാനെയുടെ കുറ്റി പിഴുതു. ഇതിനു പിന്നാലെ മഴയെത്തിയതോടെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കാൻ തീരുമാനിച്ചു. 68.5 ഓവർ മാത്രമാണ് ആദ്യ ദിവസം കളി നടന്നത്.
രോഹിത് ശർമ, ആർ. അശ്വിൻ, വൃദ്ധിമാൻ സാഹ, കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവർ ആദ്യ ടെസ്റ്റിൽ കളിക്കുന്നില്ല. നാലു പേസർമാരെയാണ് വിൻഡീസ് ഉൾപ്പെടുത്തിയത്. ഷമർ ബ്രൂക്സ് വിൻഡീസിനായി അരങ്ങേറി.