ഗാന്ധിനഗർ: പരിശോധനയ്ക്കു നല്കിയ സാന്പിൾ ഒരാഴ്ചയായി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ . കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തിയേറ്ററിനു മുന്നിലാണ് ബക്കറ്റിൽ സാന്പിൾ വച്ചിരിക്കുന്നത്.
രോഗിയുടെ ബന്ധുക്കൾ മറന്നുപോയതാണോ അതോ മനപ്പൂർവം പരിശോധനയ്ക്കു നല്കാത്തതാണോ എന്നു വ്യക്തമല്ല. രോഗം വന്ന ഭാഗം ശസ്ത്രക്രിയയിലൂടെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലെ പതോളജി ലാബിലേക്ക് നല്കും. ഇങ്ങനെ നല്കിയ സാന്പിൾ ആണ് പുറത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയകഴിഞ്ഞ ശേഷം ശരീരത്തിൽ നിന്നെടുത്ത സാന്പിൾ പതോളജി ലാബിൽ വിദ്ഗധ പരിശോധനയ്ക്കായി ഡോക്ടർമാർ നൽകുന്ന സാന്പിളാണ് നീല പ്ലാസ്റ്റിക് ബക്കറ്റിനുള്ളിൽ ഉള്ളത്. കുഞ്ഞുമോൻ (55) എന്ന് ബക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പരിശോധനാ സാന്പിൾ നിശ്ചിത സമയം കഴിഞ്ഞിട്ടും നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ജീവനക്കാരും ശ്രദ്ധിച്ചിട്ടില്ല. അവിചാരിതമായി ബക്കറ്റ് മറിഞ്ഞു പോയാൽ അണുബാധ തിയേറ്ററിനുള്ളിലേക്ക് പ്രവേശിക്കുവാൻ സാധ്യതയുണ്ട്.