ലഖ്നൗ: പൊതുമേഖലാ ബാങ്കുകൾ വായ്പ നിരസിച്ചതിനെ തുടർന്ന് വൃക്ക വില്പനയ്ക്ക് വെച്ച് ഉത്തർപ്രദേശിലെ കർഷകൻ. യുപിയിലെ ചട്ടാർ സലി ഗ്രാമവാസിയായ രാംകുമാർ എന്ന യുവകർഷകനാണ് തന്റെ വൃക്കകളിലൊന്ന് വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
പ്രധാനമന്ത്രി കൗശൽ വികാസ് പദ്ധതിപ്രകാരം (PMKVY) ക്ഷീര കർഷക പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട് രാംകുമാർ. ഇതിന്റെ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളെല്ലാം ഹാജരാക്കിയിട്ടും ഒരു പൊതുമേഖലാ ബാങ്കും തനിക്ക് വായ്പ നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കന്നുകാലികളെ വാങ്ങുന്നതിനും ഷെഡ് പണിയുന്നതിനുമായി ബന്ധുക്കളിൽ നിന്ന് പണം കടംവാങ്ങിയിരുന്നു. എന്നാൽ പലിശയടക്കം ബന്ധുക്കളിൽ നിന്ന് ഇപ്പോൾ തിരിച്ച് നൽകാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വൃക്ക വിൽക്കുകയല്ലാതെ ഈ പണം തിരിച്ച് കൊടുക്കാൻ തനിക്ക് മറ്റൊരു വഴിയുമില്ലെന്നും രാംകുമാർ പറഞ്ഞു. വൃക്ക വില്പനയ്ക്കുണ്ടെന്ന് കാണിച്ച് രാംകുമാർ പട്ടണങ്ങളിലും മറ്റു പൊതുയിടങ്ങളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ഷരാണ്പൂർ ഡിവിഷണൽ കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു. എന്തുകൊണ്ടാണ് വായ്പനിഷേധിച്ചതെന്ന് അന്വേഷണം കഴിഞ്ഞാൽ മാത്രമേ വ്യക്തമാകുകയുള്ളുവെന്ന്് അദ്ദേഹം പറഞ്ഞു.