ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ്. മോദിയുടെ ഭരണ മാതൃക അത്ര മോശമല്ലെന്നും മോദിയുടെ പ്രവൃത്തികളെ എപ്പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ രാഷ്ട്രീയ നിരീക്ഷകനായ കപിൽ സതീഷ് കൊമിറെഡ്ഡിയുടെ പുസ്തക പ്രകാശന വേദിയിലായിരുന്നു മുതിർന്ന കോണ്ഗ്രസ് നേതാവിന്റെ പരാമർശം.
ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഷയാണു മോദിയുടെ പ്രത്യേകത. ഇതിനു മുന്പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങൾക്ക് അംഗീകാരമുള്ളതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ എതിരിടാനാവില്ല. എല്ലായ്പ്പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രതിരോധമുയർത്താൻ കഴിയില്ലെന്നും ജയ്റാം രമേശ് ബുധനാഴ്ച പറഞ്ഞു.
2014-2019 കാലയളവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനം വിലയിരുത്തണം. പൊതുതെരഞ്ഞെടുപ്പിൽ ബിജെപി 37.4 ശതമാനം വോട്ടുകളും എൻഡിഎ 45 ശതമാനം വോട്ടുകളും നേടിയതു പരിശോധിക്കണം. പ്രധാനമന്ത്രിയെ പുകഴ്ത്താനോ സ്തുതിക്കാനോ അല്ല താൻ ആവശ്യപ്പെടുന്നത്. മറിച്ച് ഭരണതലത്തിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ജയ്റാം രമേശ് വിശദീകരിച്ചു.
രാജ്യത്തെ കർഷകർ നേരിടുന്ന ദുരിതങ്ങളെ കുറിച്ച് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം സംസാരിച്ചു. കർഷകർക്കു പ്രശ്നങ്ങളുണ്ടെന്നു ജനങ്ങളും തിരിച്ചറിഞ്ഞു. എന്നാൽ ഇതിന് മോദിയെ കുറ്റക്കാരനാക്കാൻ അവർ തയാറായില്ല. ഇതിന്റെ ഫലം തെരഞ്ഞെടുപ്പിനുശേഷം നാം കണ്ടു. പ്രധാൻമന്ത്രി ഉജ്വല യോജന പോലുള്ള പദ്ധതികൾ കോടിക്കണക്കിന് സ്ത്രീകൾക്കു പ്രയോജനപ്രദമായെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.